സജീവിന്റെ ശരീരത്തിൽ ആഴത്തിൽ വെട്ടേറ്റ പാടുകൾ; മൃതദേഹം പൊതിഞ്ഞ് ഫ്‌ളാറ്റിലെ മാലിന്യ പൈപ്പിൽ ഉപേക്ഷിച്ചനിലയിൽ; കാക്കനാട്ടെ ഫ്‌ളാറ്റിലെ കൊലപാതകത്തിൽ ദുരൂഹത

കാക്കനാട്: മലപ്പഉറം സ്വദേശിയായ 22 കാരൻ കൊച്ചിയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ. മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്റെ മകൻ സജീവ് കൃഷ്ണ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സജീവിനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിത്.

ഇൻഫോപാർക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്‌സോണിയ ഫ്ലാറ്റിലാണ് സംഭവം. 16-ാം നിലയിൽ സജീവനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ളാറ്റിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുപേരാണ് ഈ മുറിയിൽ താമസിച്ചിരുന്നത്. മൂന്ന് സുഹൃത്തുക്കൾ വിനോദയാത്രയ്ക്കായി പോയി തിരികെ വന്നപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്.

ഇവർക്കൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന പയ്യോളി സ്വദേശി അർഷാദിനെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. ടൂർ പോയി മൂന്നുപേർ തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ബെല്ലടിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് അർഷാദിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നു.

ഇതോടെ മൂവരും സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. പിന്നീട് അർഷാദിന്റെയും സജീവിന്റെയും ഫോണുകൾ സ്വിച്ച് ഓഫായതോടെ സംശയം തോന്നിയ ഇവർ ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റിനകത്ത് കടക്കുകയായിരുന്നു. മുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയിൽ കണ്ടത്. ബാൽക്കണിയിൽ ഫ്ളാറ്റിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

ALSO READ- ലിഫ്റ്റ് ചോദിച്ച് വാനിൽ കയറി; മിനിറ്റുകൾക്കകം അപകടത്തിൽപ്പെട്ടു! മകളുടെ വീട്ടിൽപ്പോയി മടങ്ങിയ ശിവൻനായർക്ക് ദാരുണാന്ത്യം, ഡ്രൈവർക്ക് ഗുരുതര പരിക്ക്

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സജീവിന് കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്. ഒപ്പം താമസിച്ചിരുന്ന യുവാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇൻഫോപാർക്കിനു സമീപത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു സജീവ് ജോലി ചെയ്തിരുന്നത്. അമ്മ: ജിഷ. സഹോദരൻ: രാജീവ്. അർഷാദിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version