ഭാര്യാ സഹോദരന്റെ പ്രണയവിവാഹത്തെ പിന്തുണച്ചു; ദമ്പതികൾ വിദേശത്തേക്ക് പോയതിന് പിന്നാലെ സിപിഐ പ്രവർത്തകനായ യുവാവിന് നേരെ വധശ്രമം

കോഴിക്കോട്: ഭാര്യാസഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന്റെ പേരിൽ സിപിഐ പ്രവർത്തകനായ യുവാവിന് നേരെ ആക്രമണം. സിപിഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗമായ കയ്യാലത്തോടി റിനീഷിന് നേരെയാണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കോവൂരിലെ തുണിക്കട അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു റിനീഷിനെ വീടിന് മുൻവശത്ത് വെച്ചാണ് ആക്രമിച്ചത്. റിനീഷ് അല്ലേയെന്ന് ചോദിച്ച് പരിചയഭാവം നടിച്ച ശേഷമാണ് അക്രമികൾ ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ റിനീഷിന് കൈകൾക്കും പരിക്കേറ്റു. ശബ്ദം കേട്ട് വീട്ടിൽ നിന്ന് സഹോദരിയുടെ ഭർത്താവ് ഓടി എത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. ചോരയിൽ കുളിച്ച റിനീഷിനെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 21 തുന്നലൂകളുണ്ട്.

ഭാര്യയുടെ സഹോദരനായ സ്വരൂപ് എന്ന യുവാവിന്റെ പ്രണയവിവാഹത്തിന് എല്ലാ പിന്തുണയും നൽകിയതിനാണ് റിനീഷിനെതിരെ ആക്രമണം ഉണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ സ്വരൂപിന്റെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ ക്വട്ടേഷൻ ആണെന്ന് റിനീഷും ആരോപിച്ചു. പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് അക്രമികൾ തനിക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് റിനീഷിന്റെ മൊഴി. സ്വരൂപും ഭാര്യയും ഇപ്പോൾ വിദേശത്താണ്. ഇവരുടെ വിവാഹത്തിന് പിന്തുണ നൽകിയതിന് നേരത്തെയും തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നുവെന്ന് റിനീഷ് പറഞ്ഞു.

Read also-മമധർമ്മയുടെ ബാധ്യത അലി അക്ബറിന്; സംവിധായകന്റെ സ്ഥാനത്ത് രാമസിംഹൻ തന്നെ; ബിജെപിയിൽ തന്നെ തുടരുമെന്നും സംവിധായകൻ

സംഭവത്തിന് പിന്നാലെ സിപിഐ ചേവായൂർ ലോക്കൽ കമ്മറ്റിയും സിപിഐ നോർത്ത് മണ്ഡലം കമ്മറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി.

Exit mobile version