മൂന്നാറിലേക്കുള്ള ട്രിപ്പിൽ കോളടിച്ചു! മറ്റെല്ലാ ഡിപ്പോകളും പിന്നിൽ, മലപ്പുറത്തിന് പ്രതിദിനം റെക്കോർഡ് വരുമാനം

മലപ്പുറം: കോവിഡ് കാലത്തിന് ശേഷം പ്രതിദിനമുള്ള വരുമാനത്തിൽ റെക്കോഡ് കളക്ഷനുമായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. ലക്ഷ്യമിട്ട വരുമാനം മറികടക്കുന്ന സംസ്ഥാനത്തെ ആദ്യ ഡിപ്പോയായി മലപ്പുറം മാറി. 2017-ൽ മലപ്പുറം ഡിപ്പോയിൽ നിശ്ചയിച്ച പ്രതിദിന വരുമാനം 7,18,879 രൂപയായിരുന്നു.

പിന്നീട്, ക്രിസ്മസ്, ഓണം പോലുള്ള വിശേഷദിവസങ്ങളിൽ മാത്രമാണ് മിക്ക ഡിപ്പോകളും പ്രതീക്ഷിത വരുമാനത്തിനടുത്തെത്താറുള്ളത്. എന്നാൽ കഴിഞ്ഞദിവസം ആദ്യമായി 7,34,434 രൂപ വരുമാനം നേടി മലപ്പുറം ഡിപ്പോ എല്ലാ റെക്കോഡുകളും മറികടന്നു. പാലക്കാട് മുതൽ കാസർകോട് വരെ 21 ഡിപ്പോകളാണുള്ളത്. ദിവസങ്ങളായി വരുമാനത്തിൽ മുന്നിൽനിൽക്കുന്നത് മലപ്പുറം ഡിപ്പോയാണ്. സ്ഥിരമായി വരാറുള്ള കാസർകോട്, കോഴിക്കോട് ഡിപ്പോകളെ മറികടന്നാണ് മലപ്പുറത്തിന്റെ നേട്ടം.

അതേസമയം, മലപ്പുരത്തിന്റെ ചരിത്ര വരുമാനത്തിന് പിന്നിൽ ഒക്ടോബറിൽ തുടങ്ങിയ ഉല്ലാസയാത്രാപാക്കേജാണ്. സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ ആദ്യ ടൂർ പാക്കേജായിരുന്നു മലപ്പുറം-മൂന്നാർ ഉല്ലാസയാത്ര. കോവിഡ് ലോക്ക്ഡൗൺ കാലത്ത് യാത്രകളൊക്കെ മുടങ്ങിയതും യാത്രകളിഷ്ടപ്പെടുന്നവർ ഏറെയുള്ളതും കെഎസ്ആർടിസിയുടെ ഉല്ലാസയാത്രയ്ക്ക് ഊർജ്ജമായി. കെഎസ്ആർടിസി ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയംകൂടിയാണിതെന്ന് വിലയിരുത്തുന്നു.

മൂന്നാറിന്റെ വിജയത്തിനുപിന്നാലെ മലക്കപ്പാറയിലേക്കും സർവീസ് തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ചുള്ള യാത്രയ്ക്ക് ജില്ലയ്ക്കുപുറത്തുനിന്നും ആളുകളെത്തുകയാണ്.

നിലവിൽ നവംബർ അവസാനംവരെയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്. രണ്ട് സ്‌കാനിയ ബസുകൾകൂടി ഡിപ്പോയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ്. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് സോണൽ എക്സിക്യുട്ടീവ് കെടി സെബി ഡിപ്പോ ജീവനക്കാരെ ആദരിച്ചു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ, സൂപ്രണ്ട് കെ ബീന തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version