കോവിഡ് ബാധിച്ച് ഗർഭിണിയായ യുവതി മരിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ചികിത്സാ പിരിവ് തുടർന്ന് ഭർത്താവ്; സുമനുസകളെ പറ്റിച്ചുള്ള സുഖജീവിതത്തിന് എതിരെ പിതാവ് പോലീസിൽ

കോട്ടയം: കോവിഡ് ബാധിച്ച് ഗർഭിണിയായ ഭാര്യയും ഗർഭസ്ഥശിശുവും ജീവൻ നിലനിർത്താൻ മല്ലിടുമ്പോഴും കൈവശം പണമുണ്ടായിട്ടും ചെലവഴിക്കാതെ ക്രൂരത കാണിച്ച ഭർത്താവ്, ഒടുവിൽ ഇരുവരും മരണപ്പെട്ടതിന് ശേഷം ചികിത്സാപിരിവ് നടത്തി സുഖജീവിതം നയിക്കുന്നു. ഈ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് മരിച്ച യുവതിയുടെ പിതാവാണ്.

ചികിത്സാസഹായത്തിനായി പ്രചാരണം നടത്തിയത് താനറിയാതെയാണെന്നും ഇരുകുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായതിനാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും മരിച്ച യുവതിയുടെ അച്ഛൻ പരാതിയിൽ പറയുന്നു.

യുവതി ചികിത്സയിൽ കഴിയുമ്പോഴാണ് ഇയാൾ കൈവശമുള്ള പണം ചെലവഴിക്കാതെ സോഷ്യൽമീഡിയയിലൂടെ ചികിത്സാസഹായം അഭ്യർത്ഥിച്ച് പണപ്പിരിവ് തുടങ്ങിയത്. പിന്നീട് മരണശേഷവും പിരിവ് തുടരുകയാണ്. ഭാര്യ മരിച്ചപ്പോൾ ആശുപത്രിക്കാരെ പറഞ്ഞുപറ്റിച്ച് മുഴുവൻ തുകയും നൽകാതെ മൃതദേഹം കൊണ്ടുപോയതായും മരണവിവരം അറിയിക്കാതെ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന പഴയ പോസ്റ്റുകൾ കണ്ട് ആളുകൾ ഇപ്പോഴും അക്കൗണ്ടിലേക്കിടുന്ന പണം ഉപയോഗിച്ച് സുഖജീവിതം നയിക്കുകയും ചെയ്യുകയാണ് ഈ യുവാവ്.

തിരുവല്ല സ്വദേശിനിയായ 30കാരിയെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് മേയിലാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് നെഗറ്റീവായെങ്കിലും ഗർഭസ്ഥശിശു മരിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് ജൂൺ 24ന് യുവതിയും മരിച്ചു.

ഈ കാലത്താണ് യുവതിയുടെ ഭർത്താവ് സാമൂഹികമാധ്യമത്തിലൂടെ ചികിത്സാസഹായം തേടി സന്ദേശം പ്രചരിപ്പിക്കാൻ ആരംഭിച്ചത്. 35 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലേക്ക് ലഭിച്ചു. ആശുപത്രിയിൽ 26 ലക്ഷം രൂപയുടെ ബില്ലായെങ്കിലും ഏഴുലക്ഷം രൂപയോളം ബാക്കി അടയ്ക്കാനുണ്ടായിരുന്നിട്ടും യുവാവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കുകയായിരുന്നു.

അതേസമയം, നാല് ലക്ഷത്തോളും രൂപ തന്റെ കൈയിൽനിന്ന് വാങ്ങിയിരുന്നു. എത്ര തുക വേണമെങ്കിലും തരാമെന്ന് താൻ പറയുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം കൈയിൽനിന്ന് ചികിത്സയ്ക്ക് യുവാവ് പണം വാങ്ങിയെന്നും പിതാവിന്റെ പരാതിയിലുണ്ട്.

യുവതിയുടെ വീട്ടിൽവെച്ചായിരുന്നു മരണാനന്തര ചടങ്ങുകൾ. ചടങ്ങുകൾക്കുശേഷം മരുമകൻ തങ്ങളുടെ വീട്ടിലേക്ക് വന്നിട്ടില്ല. മകളുടെ കൈവശമുണ്ടായിരുന്ന 50 പവനോളം സ്വർണവും മടക്കിനൽകിയിട്ടില്ല. യുവതി മരിച്ചതറിയാതെ, പഴയ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സന്ദേശങ്ങൾ കണ്ട് ആളുകൾ ഇപ്പോഴും പണം ഇടുന്നുമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവല്ല ഡിവൈഎസ്പിക്കാണ് ഓഗസ്റ്റ് 18ന് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയത്.

പിന്നീട്, പരാതിയെത്തുടർന്ന് യുവാവ് ആശുപത്രിയിലെത്തി ബാക്കി തുകകൂടി അടച്ചു. പരാതിയിൽ പറയുന്ന സ്വർണം പണയംവെച്ചപ്പോൾ ലഭിച്ച പണമാണ് ഇതിന് ഉപയോഗിച്ചതെന്നാണ് സൂചന.

Exit mobile version