മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ല; മതേതര കാഴ്ച്ചപ്പാട് മുസ്ലിം ലീഗ് കൈവിട്ടെന്നും ആരോപണം; നേതാക്കളുടെ കൂട്ടരാജി തുടരുന്നു

കൊച്ചി: മുസ്ലീംലീഗിൽ വലിയ പൊട്ടിത്തെറി. നേതാക്കൾ കൂട്ടത്തോടെ ലീഗ് വിട്ട് ഇതരപാർട്ടികളിലേക്ക് കൂടുമാറുന്നു. ലീഗ് ദേശീയ സമിതി അംഗവും കച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പിഎം ഹാരിസും ദേശീയ സമിതി അംഗം രഘുനാഥ് പനവേലിയും ഉൾപ്പടെ എട്ടു പേരാണ് രാജിവെച്ചത്.

മതേതരത്വ കാഴ്ച്ചപ്പാട് മുസ്ലിം ലീഗിൽ ഇല്ലാതായെന്ന് ആരോപിച്ചാണ് ദേശീയനേതാക്കളുടെ കൂട്ടരാജി. ലീഗിലെ മതേതരത്വ കാഴ്ച്ചപാട് ഇല്ലാതായെന്നും മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ലെന്നും രാജി പ്രഖ്യാപിച്ച് കൊണ്ട് നേതാക്കൾ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേർ ലീഗ് വിടും. ഉപാധികൾ ഒന്നുമില്ലാതെയാണ് സിപിഎമ്മിൽ ചേരുന്നതെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

‘മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ളവർക്ക് ലീഗിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. മതേതരത്വ കാഴ്ചപ്പാട് ലീഗിൽ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മലപ്പുറം വിട്ടാൽ മുസ്ലീം ലീഗിന് ഒരു പ്രസക്തിയുമില്ല. പാണക്കാട് തങ്ങൾക്ക് രാജി കത്ത് നൽകി. ഇനി സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതൊരു തുടക്കം മാത്രമാണ്. നിരവധി പേർ വരുംദിവസങ്ങളിൽ പാർട്ടി വിടും. പ്രതിസന്ധി ഘട്ടങ്ങളിൽ മാതൃകാപരമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. ഏറ്റവും നന്നായി സെക്യുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്.’- നേതാക്കൾ രാജി പ്രഖ്യാപിച്ചുകൊണ്ട് പ്രതികരിച്ചു.

Exit mobile version