കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ വികസന പദ്ധതികൾക്ക് എതിരെ ഗൂഢാലോചന നടത്തുന്നു; മാധ്യമങ്ങൾക്ക് ഇഡി വാർത്ത ചോർത്തുന്നു; സർക്കാർ ഒരിഞ്ച് വഴങ്ങില്ല: തോമസ് ഐസക്ക്

financial minister thomas isaac

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നെന്ന ഗുരുതര ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്, സിബിഐ, സിഎജി, എൻഐഎ തുടങ്ങിയ കേന്ദ്ര സർക്കാർ ഏജൻസികൾ സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾക്കെതിരെ സംഘടിതമായ ഗൂഢാലോചന നടത്തുന്നുവെന്നാണ് മന്ത്രിയുടെ ആരോപണം.

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല. അതിന് ഇവിടെ കോടതിയുണ്ട്. ഭരണഘടനയുണ്ടാക്കാൻ നിയമസഭയുണ്ട്. ആർബിഐ അനുമതി നൽകിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമർശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി. സംസ്ഥാനത്തിന്റെ അധികാരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെല്ലുവിളിക്കുകയാണ്. മസാല ബോണ്ടിൽ ഇഡിയുടെ അന്വേഷണം നടക്കുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേന്ദ്ര ഏജൻസിയുടെ നടപടി കേരള നിയമസഭയോടുള്ള അവഹേളനമാണ്. ഇതിനുള്ള മറുപടി ജനങ്ങൾ കൊടുക്കും. ഇതിനെ നിയമപരമായും നിയമസഭയിലും ജനങ്ങളെ അണിനിരത്തിയും ചെറുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

മാധ്യമങ്ങൾക്ക് അന്വേഷണത്തെ കുറിച്ച് വാർത്ത ചോർത്തി നൽകുന്നത് ഇഡി തന്നെയാണ്. നിയമസഭയുടെ നേർക്കുള്ള അവകാശലംഘനമാണ് ഇഡി നടത്തുന്നത്. അന്വേഷണത്തെ സംസ്ഥാന സർക്കാറിന് പേടിയില്ല. സിഎജി റിപ്പോർട്ട് ഗവർണറുടെ പരിശോധനക്ക് അയക്കുമെന്നും തോമസ് ഐസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര ഏജൻസികൾ മുകളിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും തോമസ് ഐസക് പറഞ്ഞു. കാര്യങ്ങൾ തുറന്ന ഏറ്റുമുട്ടലിലേക്കാണ് പോകുന്നത്. എന്നാൽ, ഒരിഞ്ച് വഴങ്ങാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. നടപ്പാക്കുന്ന പദ്ധതികളൊക്കെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version