ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട 68കാരന് ദാരുണമരണം; റോഡിൽ വീണിട്ടും വയോധികനെ മർദ്ദിച്ചു; കൊലക്കുറ്റം ചുമത്തും

തൃശ്ശൂർ: സ്വകാര്യബസിലെ കണ്ടക്ടർ ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പുറത്തേക്ക് തള്ളിയിടുകയും മർദിക്കുകയുംചെയ്ത 68-കാരൻ മരിച്ചു. തൃശ്ശൂർ കരുവന്നൂർ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ രണ്ടാംതീയതിയാണ് പവിത്രനെ ബസിൽനിന്ന് കണ്ടക്ടർ രതീഷ് തള്ളിയിട്ട് പരിക്കേൽപ്പിച്ചത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.

തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ശാസ്താ’ ബസിലെ കണ്ടക്ടറാണ് രതീഷ്. ഇയാൾ ചില്ലറയെച്ചൊല്ലി ബസിൽവെച്ച് യാത്രക്കാരനായ പവിത്രനുമായി തർക്കത്തിലേർപ്പെട്ടിരുന്നു. വാക്കേറ്റത്തെ തുടർന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പിൽ പവിത്രനെ ഇറക്കാനായി ബസ് നിർത്തുകയും കണ്ടക്ടർ ഇദ്ദേഹത്തെ ബസിൽനിന്ന് തള്ളിയിടുകയുമായിരുന്നു.

റോഡിൽ വീണുകിടന്ന പവിത്രനെ കണ്ടക്ടർ പിന്നാലെയെത്തി മർദിച്ചതായും പരാതിയുണ്ടായിരുന്നു. വീഴ്ചയിലും മർദനത്തിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രണം സംഭവിക്കുകയായിരുന്നു.

ALSO READ- കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍, പിന്നാലെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷം, പേരും ചിത്രവും നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

കണ്ടക്ടർ രതീഷിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരുന്നത്. പവിത്രൻ മരിച്ചതിനാൽ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version