കോവിഡ് നെഗറ്റീവാണ്, പക്ഷേ നിയാസിന് മനുഷ്യത്വം ഡബിള്‍ പോസിറ്റീവും; ഭിന്നശേഷിക്കാരനായ സുഹൃത്തിനെ പരിചരിക്കാന്‍ കോവിഡ് വാര്‍ഡില്‍ കൂട്ടിരുന്ന് ഒരു യുവാവ്

മലപ്പുറം: കോവിഡ് പോസിറ്റീവല്ല, എന്നാലും കാവനൂര്‍ പന്ത്രണ്ടില്‍ സ്വദേശി കുന്നന്‍ നിയാസ് ഏതാനും ദിവസമായി മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലാണ്. കോവിഡ് പോസിറ്റീവല്ലെങ്കിലും മനുഷ്യത്വം ഡബിള്‍ പോസിറ്റീവാണെന്ന് തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഭിന്നശേഷിക്കാരനായ സുഹൃത്തിനെ പരിചരിക്കാനാണ് നിയാസ് മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിനൊപ്പം കഴിയുന്നത്. നിയാസിന്റെ അയല്‍വാസിയും അടുത്ത സുഹൃത്തുമായ യുവാവിന് കഴിഞ്ഞ ദിവസമാണു കോവിഡ് സ്ഥിരീകരിച്ചത്.

ചെറുപ്പത്തില്‍ പോളിയോ ബാധിച്ച ഇദ്ദേഹത്തിനു പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയില്ല. ഭാര്യ ഗര്‍ഭിണിയുമാണ്. ആദ്യം തേഞ്ഞിപ്പാലത്തെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റിയെങ്കിലും ആരോഗ്യനില വഷളായതോടെ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

പരസഹായം ആവശ്യമായ യുവാവിനെ ആരു സഹായിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴാണു നിയാസ് മുന്നോട്ടെത്തിയത്. ഒപ്പം താമസിച്ച് സുഹൃത്തിനെ പരിചരിക്കുന്നതിനായി ചൊവ്വാഴ്ച രാത്രി തന്നെ നിയാസ് കോവിഡ് വാര്‍ഡിലെത്തി. കൂലിപ്പണിക്കാരനായ നിയാസിനു ദിവസേന ലഭിക്കുന്ന വേതനമാണു ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം.

തന്നെ കോവിഡ് പിടികൂടുമെന്ന ആശങ്കയും ജോലിക്കു പോകാതിരുന്നാല്‍ കുടുംബം പട്ടിണിയിലാകുമെന്ന ആവലാതിയും മനസ്സിലുണ്ടായിരുന്നു. പക്ഷേ, മനുഷ്യന് ആവശ്യമുള്ള സമയത്തു കൈത്താങ്ങാകണമെന്ന നിയാസിന്റെ നന്മയെ തടഞ്ഞുനിര്‍ത്താന്‍ ഒന്നിനുമായില്ല.

മറ്റെല്ലാ ചിന്തകളും മനസ്സില്‍ നിന്നും കളഞ്ഞ് സുഹൃത്തിനെ പരിചരിക്കാന്‍ അങ്ങനെ നിയാസ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി. ഇപ്പോള്‍ 3 ദിവസമായി നിയാസ് സുഹൃത്തിനൊപ്പം കോവിഡ് വാര്‍ഡിലാണ്.

Exit mobile version