ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രചാരണത്തിന് ചെലവിട്ടത് 325.45 കോടി; ഏഷ്യാനെറ്റിന് നൽകിയത് 33.86 ലക്ഷം, മലയാള മനോരമയ്ക്ക് 5.90 ലക്ഷം

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവിധ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ചെലവിട്ടത് 325.45 കോടി രൂപയെന്ന് റിപ്പോർട്ട്. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ, കേബിൾ മാധ്യമങ്ങൾക്കും കൂട്ട എസ്എംഎസ് അയക്കാൻ മൊബൈൽ ഫോൺ സേവനദാതാക്കൾക്കുമായാണ് വൻതുക ചെലവിട്ടതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ദേശാഭിമാനി പറയുന്നു.

ഡൽഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജൻസി വഴിമാത്രം മാധ്യമങ്ങളിൽ 198 കോടി രൂപയുടെ പരസ്യം നൽകി. മാധ്യമങ്ങൾക്ക് നേരിട്ടും പരസ്യത്തിന്റെ പണം കൈമാറി. ഏഷ്യാനെറ്റ് ന്യൂസിന് 33.86 ലക്ഷം രൂപയും മലയാള മനോരമയ്ക്ക് 5.90 ലക്ഷം രൂപയും നൽകി. കേരളത്തിലടക്കം കൂട്ട എസ്എംഎസുകൾ അയക്കാനും കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിൽ വോട്ടർമാരെ വിളിക്കാനും എയർടെൽ വഴി കോടിക്കണക്കിനു രൂപ ചെലവിട്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഡിജിറ്റൽ സംവിധാനത്തിൽ ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നമോ ടിവിക്ക് കൊടുത്ത പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വാർത്താവിതരണ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് എടുക്കാതെയാണ് പ്രവർത്തനം തുടങ്ങിയതെന്നും പറയുന്നു.

ബിജെപി വാടകയ്ക്ക് എടുത്ത ഡിജിറ്റൽ സംവിധാനമാണ് നമോ ടിവിയെന്നാണ് കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിച്ചിരിക്കുന്നതെന്നും ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നുണ്ട്.

Exit mobile version