മലപ്പുറത്തിന് വീണ്ടും ആശ്വാസം: ഒരാള്‍ കൂടി കോവിഡ് രോഗമുക്തനായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്19 ചികിത്സയിലായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശിയായ 42 കാരനാണ് വിദഗ്ധ ചികില്‍സക്കു ശേഷം വൈറസ് ബാധയില്‍ നിന്ന് മുക്തനായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

ഇയാള്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് വൈകാതെ ഇയാള്‍ വീട്ടിലേയ്ക്ക് മടങ്ങും.
ആരോഗ്യസ്ഥിതി പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് വൈകാതെ ഇയാള്‍ വീട്ടിലേയ്ക്ക് മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 13 ആയി. ഇതില്‍ ഒരാള്‍ രോഗമുക്തനായ ശേഷം പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 5,727 പേരാണ്. ഇന്ന് മുതല്‍ 90 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഇന്നലെ 23 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 21, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 1,047 പേരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 5,616 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 88 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. കോവിഡ് ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version