കൊറോണ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില പോലും നല്‍കാതെ രോഗി, ഇടപഴകിയത് ആയിരങ്ങളുമായി; രണ്ട് പഞ്ചായത്തിലുള്ളവര്‍ മുഴുവന്‍ മുള്‍മുനയില്‍; ഒറ്റൊരാളുടെ അനുസരണക്കേടില്‍ കാര്യക്ഷമമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്ന മലപ്പുറം പ്രതിസന്ധിയില്‍

മലപ്പുറം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചയാള്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി കെടി ജലീല്‍. കാര്യക്ഷമമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്ന മലപ്പുറത്തെ പ്രതിസന്ധിയിലാക്കിയത് ഈ ഒരാളാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷിക്കുമ്പോഴെല്ലാം തെറ്റിദ്ധരിപ്പിച്ചെന്നും കെടി ജലീല്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍ദേശങ്ങളൊന്നും വകവെയ്ക്കാതെ കൊറോണ രോഗബാധിതനായ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനത്തെ 85കാരന്‍ ആയിരങ്ങളുമായാണ് ഇടപഴകിയത്. ഇയാളുടെ റൂട്ട്മാപ്പ് പരിശോധിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ശരിക്കും ഞെട്ടിയത്. സംഭവം ജില്ലയെ സമൂഹവ്യാപന ഭീതിയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ 11-ന് ഉംറ കഴിഞ്ഞെത്തിയ മകനില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്. പിതാവിനെയും ബന്ധുക്കളെയുമൊക്കെ ഇയാള്‍ ആശ്ലേഷിച്ചിരുന്നു. മദ്രസ്സാധ്യാപകന്‍കൂടിയായ ഇയാളോട് ഉംറ കഴിഞ്ഞുവന്ന ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കവിലക്കില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ഇയാള്‍ കാറ്റില്‍പ്പറത്തി.

പനിയുണ്ടായതിനെത്തുടര്‍ന്ന് 13-ന് ഒരു ക്ലിനിക്കില്‍ കാണിച്ചു. അവരും പ്രത്യേക നിര്‍ദേശം നല്‍കി. പനിയുള്ള സമയത്ത് ആനക്കയത്തെ മജ്‌ലിസുന്നൂര്‍ പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുത്തു. ‘ഡോക്ടര്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് വേഗം പോണ’മെന്നായിരുന്നു അവിടെയുള്ള ചിലരോട് പറഞ്ഞിരുന്നത്.

ഇതുകൂടാതെ മരണാനന്തര പ്രാര്‍ഥന, പള്ളികളിലെ പരിപാടികള്‍, മറ്റു പൊതു പരിപാടികള്‍ എന്നിവയിലെല്ലാം ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ഇയാളുടെ നീചപ്രവൃത്തി രണ്ട് പഞ്ചായത്തിലുള്ളവരെ മുഴുവന്‍ മുള്‍മുനയിലാക്കിയിരിക്കുകയാണ്. ഇയാള്‍ മന്ത്രവാദ ചികിത്സകന്‍ കൂടിയാണ്. രോഗബാധയുള്ള സമയത്തും ചികിത്സ നടത്തിയിട്ടുണ്ട്. രോഗിയുടെ അടുത്ത് വന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയ ബന്ധുവായ ഓട്ടോറിക്ഷക്കാരനും ഇതിനകം ഒരുപാടുപേരെ അതേ വാഹനത്തില്‍ കയറ്റിയിട്ടുണ്ട്.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രോഗിയുമായി പോയ ചെറുമകനും ആശുപത്രിയിലെ ഒട്ടേറേ ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത്‌ കീഴാറ്റൂര്‍ പഞ്ചായത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കിടയിലും പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഫലത്തിനനുസരിച്ച് കീഴാറ്റൂര്‍, ആനക്കയം പഞ്ചായത്തുകളില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വന്നേക്കും. ഈ ഒരൊറ്റയാളുടെ അനുസരണക്കേടുകൊണ്ടുമാത്രമാണ് മലപ്പുറം ജില്ല ഹോട്ട്‌സ്‌പോട്ടില്‍പെട്ടതെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുത്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഷ്ടപ്പെടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

Exit mobile version