പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: രാജ്യം ഒന്നടങ്കം കൊറോണ ഭീതിയില്‍ കഴിയുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാക്കുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും കഠിനപരിശ്രമം നടത്തുമ്പോള്‍ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ക്കെതിരെയാണ് വ്യാജ പ്രചാരണം നടത്തിയതിന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

അത്തരത്തില്‍ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നായിരുന്നു ഇയാള്‍ പ്രചരിപ്പിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറത്ത് സമാന സംഭവം നേരത്തെയുമുണ്ടായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ നിലമ്പൂരില്‍ നിന്ന് ട്രെയിനുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു.

Exit mobile version