മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം; മലപ്പുറത്ത് 150ഓളം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

മലപ്പുറം; മലപ്പുറത്ത് 150 ഓളം ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. പാര്‍ട്ടി വിടുന്നുവെന്ന് വ്യക്തമാക്കി കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്തിന് ഇവര്‍ രാജിക്കത്ത് കൈമാറി.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധമറിയിച്ച് മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ കോളനിയിലെ 30 ഓളം വരുന്ന കുടുംബങ്ങളില്‍ നിന്നുള്ള 150 ഓളം പ്രവര്‍ത്തകരാണ് ബിജെപി വിട്ടത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും മതസൗഹാര്‍ദ്ദം തകര്‍ക്കുകയും ചെയ്യുന്ന പൗരത്വ നിയമത്തില്‍ ഇവര്‍ ശകത്മായ വിയോജിപ്പാണ് അറിയിച്ചത്.

പ്രദേശത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിക്കാനിരുന്ന വിശദീകരണ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുടുംബ കമ്മിറ്റി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മലപ്പുറത്തെ ഓഫീസിലെത്തി ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തിനെ നേരില്‍ കണ്ടാണ് പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കിയത്.

പുല്ലഞ്ചേരി കളത്തിങ്ങള്‍ കോളനി കുടുംബ കമ്മിറ്റി പ്രസിഡന്റ് സുനീഷ് പുല്ലഞ്ചേരി, സെക്രട്ടറി കെ.ബാലസുബ്രമണ്യന്‍, എം.ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി രേഖാമൂലം ബി.ജെ.പി ജില്ലാ ഓഫീസിലെത്തി ജില്ലാ പ്രസിഡന്റിനെ അറിയിച്ചത്. 2009ല്‍ കളത്തിങ്ങല്‍ കോളനിയില്‍ രൂപീകരിച്ച കുടുംബ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്രയും കുടുംബങ്ങള്‍ ബിജെപിയില്‍ അംഗത്വമെടുത്തത്.ഇത്രയും പേര്‍ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വന്‍തിരിച്ചടിയാവുകയാണ്.

Exit mobile version