പത്തനംതിട്ടയില്‍ അഞ്ച് ഏക്കറോളം വനം കത്തി നശിച്ച സംഭവം; പിന്നില്‍ സാമൂഹ്യ വിരുദ്ധരെന്ന് സൂചന

പത്തനംതിട്ട; പത്തനംതിട്ട കോന്നിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് സംശയം. സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചത്. അഞ്ച് ഏക്കറോളം വനമാണ് കത്തി നശിച്ചത്. കാട്ടുതീ ഉണ്ടാകാതിരിക്കാന്‍ നേരത്തെ വനംവകുപ്പ് നടപടി എടുത്തിരുന്നു.

കുറ്റിക്കാടുകള്‍ നേരത്തെ കത്തിച്ചിരുന്നു. എന്നിട്ടും അകത്തുള്ള മേഖലയില്‍ തീ പടര്‍ന്നതാണ് സംഭവത്തില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉണ്ടാകാന്‍ കാരണം. കൂടാതെ വേനല്‍ ശക്തിപ്പെടും മുമ്പേ കാട്ടുതീ ഉണ്ടായതും സംശയത്തിനിട വരുത്തുന്നുവെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

അതെസമയം, സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, തീപിടിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കി മുന്‍കരുതല്‍ നടപടി സ്വീകരിച്ചു വരികയാണെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Exit mobile version