വിവാഹദിനത്തിൽ വരൻ പള്ളിയിലെത്തിയത് മദ്യപിച്ച് നാലുകാലിൽ; വിവാഹം കഴിക്കാനാകില്ലെന്ന് വധു; അക്രമാസക്തനായ വരനെതിരെ കേസ്; 6 ലക്ഷം നഷ്ടപരിഹാരം

പത്തനംതിട്ട: വിവാഹത്തിനായി പള്ളിയിലേക്ക് മദ്യപിച്ച് ലക്കുകെട്ട് എത്തി വരൻ, വിവാഹം കഴിക്കാനാകില്ലെന്ന് അറിയിച്ച് വധു. കഴിഞ്ഞദിവസം പത്തനംതിട്ടയിലെ പള്ളിയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. മദ്യപിച്ച് ബോധമില്ലാതെ പള്ളിമുറ്റത്തേക്ക് കാറിൽ വന്നിറങ്ങിയ വരനെ കണ്ട് അതിഥികൾ ഉൾപ്പടെ അമ്പരന്നിരുന്നു.

വരന് എന്തുചെയ്തിട്ടും വാഹനത്തിൽനിന്ന് പുറത്തിറങ്ങാനായില്ല. കാലുനിലത്തുറയ്ക്കാത്ത പയ്യനെ കണ്ടതോടെ വധുവിന്റെ വീട്ടുകാരും ധർമ്മസങ്കടത്തിലായി. വരൻ കള്ളുകുടിച്ച് പൂസാണെന്ന് അറിഞ്ഞതോടെ വരനെ വേണ്ടെന്ന് വധു നിലപാടെടുത്തു. ഇതോടെ വൈദികനെ അറിയിച്ച് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറി. പിന്നാലെ ബഹളം വെയ്ക്കുകയും അക്രമാസക്തനാവുകയും ചെയ്ത വരനെ പോലീസെത്തി കസ്റ്റഡിയിലെടുത്താണ് രംഗം ശാന്തമാക്കിയത്.

തടിയൂർ സ്വദേശിയായ 32-കാരന്റെയും നാരങ്ങാനം സ്വദേശിനിയായ യുവതിയുടെയും വിവാഹചടങ്ങിലാണ് ഈ രംഗങ്ങള് അരങ്ങേറിയത്. തിങ്കളാഴ്ച പള്ളിയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് വരന്റെ സ്വഭാവദൂഷ്യം കാരണം മുടങ്ങിയത്. വിദേശത്തായിരുന്ന യുവാവ് ഏതാനുംദിവസം മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന് വിവാഹദിവസം കൃത്യസമയത്ത് വരൻ പള്ളിയിലെത്തുകയും ചെയ്തു. പക്ഷെ മദ്യപിച്ച് ലക്കുകെട്ടാണെന്ന് മാത്രം. ഒരു കൂട്ടം ആളുകൾ ചേർന്നാണ് വരനെ താങ്ങിയെടുത്ത് പള്ളിയുടെ അകത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്.

അതിഥികൾ തന്നെ വിഷയത്തിൽ ഇടപെട്ടതോടെ രംഗം വഷളായി. വധു വിവാഹത്തിന് സമ്മതമല്ലന്ന് വൈദികനെ അറിയിച്ചതോടെ വരൻ വൈദികനോട് തട്ടിക്കയറി. തുടർന്ന് ഇരുകൂട്ടരുടേയും ബന്ധുകൾ തമ്മിൽ വാക്കേറ്റമായി. ഇതിനിടെ വരന്റെ അമ്മ ബോധരഹിതയായി വീഴുകയും കോഴഞ്ചേരിയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ALSO READ- വാഹനാപകടത്തില്‍ പരിക്കേറ്റ് മകള്‍ മരിച്ചു, മനംനൊന്ത് അമ്മ ജീവനൊടുക്കി

വരന്റെ പെരുമാറ്റത്തിൽ ഭയന്ന വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചു. പോലീസിനെയും ഇവർ വിവരമറിയിച്ചു. തുടർന്ന് കോയിപ്രം പോലീസ് സ്ഥലത്തെത്തി വരനുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇയാൾ മദ്യലഹരിയിൽ വീണ്ടും അക്രമാസക്തനായി. ഇതോടെ വരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പോലീസ് കേസെടുത്തു.

തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ വരന്റെ കൂട്ടരും വധുവിന്റെ വീട്ടുകാരും നടത്തിയ ചർച്ചയിൽ വധുവിന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ധാരണയായി. ആറുലക്ഷം രൂപ വരൻ നഷ്ടപരിഹാരമായി നൽകാൻ ധാരണയാവുകയും വരന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകി വിഷയം അവസാനിപ്പിക്കുകയും ചെയ്തു. എങ്കിലും വിവാഹത്തിന് തയ്യാറാക്കിയ ഭക്ഷണം പാഴായി.

Exit mobile version