മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം; സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്തു, ശേഷം പണം തട്ടിയെടുത്തു, അഞ്ചുപേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് സുഹൃത്തുക്കളായ ഡോക്ടര്‍മാരില്‍ നിന്നും പണം തട്ടി. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. ഇവരുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും എടിഎം കാര്‍ഡും പിന്‍നമ്പറും ബലമായി പിടിച്ചുവാങ്ങിയ സംഘം, പിന്നീട് മൂന്ന് തവണയായി 17000 രൂപ കൂടി എടിഎം കാര്‍ഡ് വഴി പിന്‍വലിച്ചു.

കഴിഞ്ഞദിവസം പെണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. ഇരുവരും ഡോക്ടര്‍മാരാണ്. എരുമത്തടത്ത് വെച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തുകയും സദാചാര പോലീസ് ചമഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ശേഷം ബലമായി എടിഎം കാര്‍ഡും പിന്‍നമ്പറും വാങ്ങി 20,000 രൂപ തട്ടിയെടുത്തു. 50,000 രൂപ നല്‍കിയാലേ വിട്ടയക്കൂ എന്നായിരുന്നു ഇവര്‍ ഭീഷണിപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ പിന്നീട് സംഭവം പോലീസില്‍ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായി. നബീല്‍, ജുബൈസ്, മുഹമ്മദ് മൊഹ്‌സിന്‍, അബ്ദുള്‍ ഗഫൂര്‍, സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ കൊളത്തൂര്‍ എരുമത്തടം സ്വദേശികളാണ്.

Exit mobile version