ലോകത്ത് അതിവേഗത്തിൽ വളരുന്ന നഗരമായി മലപ്പുറം; പിന്നിലാക്കിയത് ചൈനയേയും ഗൾഫ് രാജ്യങ്ങളേയും; റിപ്പോർട്ടുമായി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്

ന്യൂഡൽഹി: അതിവേഗം വളരുന്ന ലോക നഗരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭിമാനമായി മലപ്പുറം. ദി ഇക്കണോമിസ്റ്റ് മാസികയുടെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിലാണ് മലപ്പുറം ലോകത്തിന്റെ നെറുകയിലെത്തിയത്. 44.1 ശതമാനം വളർച്ചയോടെ മലപ്പുറമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മലപ്പുറത്തെ കൂടാതെ ലോകത്തിൽ അതിവേഗം വളരുന്ന ആദ്യ പത്ത് നഗരങ്ങളിൽ കേരളത്തിൽ നിന്ന് രണ്ട് നഗരങ്ങൾ കൂടി ഇടംപിടിച്ചു. കോഴിക്കോട് നഗരം നാലാം സ്ഥാനത്തും കൊല്ലം പത്താം സ്ഥാനത്തും ഇടംപിടിച്ചു.

ഇന്ത്യയിൽനിന്ന് ആദ്യ പത്തിൽ ഇടംപിടിച്ച മൂന്ന് നഗരങ്ങളും കേരളത്തിൽ നിന്നാണെന്നതും ശ്രദ്ധേയമായി. 30.2 ശതമാനം മാറ്റത്തോടെ തൃശ്ശൂർ നഗരം പതിമൂന്നാം സ്ഥാനത്തെത്തി. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ മറ്റ് നഗരങ്ങൾ ഗുജറാത്തിലെ സൂറത്തും തമിഴ്‌നാട്ടിലെ തിരുപ്പൂരുമാണ്. ഗുജറാത്ത് ഇരുപത്തിയേഴാം സ്ഥാനത്തും തിരുപ്പൂർ മുപ്പതാം സ്ഥാനത്തുമാണ്. 2015 മുതൽ 2020 വരെയുള്ള കണക്കുപ്രകാരമാണ് ഇക്കണോമിക്സ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പട്ടിക തയ്യാറാക്കിയത്.

അതിവേഗം വളർച്ചയുള്ള നഗരമായ മലപ്പുറത്തിന് പിന്നിലായി രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമിലെ കാന്തോ നഗരമാണ്, 36.7 ശതമാനമാണ് ഈ നഗരത്തിലെ അതിവേഗ വളർച്ച. ചൈനയിലെ സുഖ്‌യാൻ (36.6%) നാലാം സ്ഥാനത്തുണ്ട്. നൈജീരിയയിലെ അബൂജ, ചൈനയിലെ സുഷോവു, പുറ്റിയൻ, യുഎഇയിലെ ഷാർജ, ഒമാനിലെ മസ്‌കറ്റ് എന്നിവയാണ് യഥാക്രമം അഞ്ച് മുതൽ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. ലോകത്തെ വലിയ നഗരങ്ങളുടെ പട്ടികയിൽ ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്, ജപ്പാനിലെ ടോക്യോയാണ് ഒന്നാമത്. മുംബൈ ആറാമതും. കൊൽക്കത്ത പതിനാലാം സ്ഥാനത്തും ഇടംപിടിച്ചു. ബംഗളൂരു (27), ചെന്നൈ (31), ഹൈദരാബാദ് (36) എന്നിവയും ഈ പട്ടികയിലുണ്ട്. ലോകത്തെ ഗ്രാമീണ ജനസംഖ്യയിലും ഇന്ത്യയാണ് ഒന്നാമത്. ചൈന രണ്ടാം സ്ഥാനത്തും.

മികച്ച ജീവിത സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയിൽ ഓസ്ട്രിയയിലെ വിയന്നയും ഓസ്‌ട്രേലിയയിലെ മെൽബണും ആദ്യ സ്ഥാനങ്ങൾ നേടി. ഇവിടെ ഇന്ത്യയ്ക്ക് സ്ഥാനം പിടിക്കാനായില്ല.

Exit mobile version