മിസ് യൂണിവേഴ്‌സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നെന്ന വാർത്ത വ്യാജം; സ്ഥിരീകരിച്ച് സംഘാടകർ

സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുന്നുവെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംഘാടകർ രംഗത്ത്. സൗദി അറേബ്യയുടെ പ്രതിനിധി വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സംഘാടകർ അറിയിച്ചു.

സൗദി അറേബ്യയിൽ നിന്ന് മത്സരാർഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷൻ നടപടികളും നടത്തിയിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സെലക്ഷൻ തങ്ങളുടെ നയങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

മെക്സിക്കോയിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നുണ്ടെങ്കിലും നിലവിൽ സൗദി അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളിൽ സൗന്ദര്യ മത്സരത്തിനായി സെലക്ഷൻ ട്രയൽസ് നടത്തണമെന്ന് തീരുമാനിക്കുന്നത് തങ്ങളുടെ അപ്രൂവൽ സമിതിയാണെന്നും വാർത്താ കുറിപ്പിൽ മിസ് യൂണിവേഴ്സ് സംഘാടകർ വ്യക്തമാക്കി.

ALSO READ- ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ

അതേസമയം, വിശ്വ സുന്ദരി മത്സരത്തിലേക്ക് സൗദി അറേബ്യൻ പ്രതിനിധിയായി സൗദി മോഡൽ റൂമി അൽഖഹ്താനി എത്തുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ‘മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്.’-എന്ന തലക്കെട്ടോടെ റൂമി തന്നെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വാർത്തകൾ പ്രചരിച്ചത്.

Exit mobile version