അബ്ദുൾ റഹീമിന്റെ മോചനം: ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചത് 47 കോടിയോളം രൂപയെന്ന് സഹായ സമിതി

റിയാദ്: 18 വർഷത്തോളമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മലയാളികളുടെ കൂട്ടായ്മയിലൂടെ സമാഹരിച്ചത് 47 കോടിയോളം രൂപ. മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി 47 കോടി രൂപയോളം സമാഹരിച്ചെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ അറിയിച്ചു.

വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ പേരിലും റഹീമിന്റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച അക്കൗണ്ടുകളിലാണ് പ്രതീക്ഷിച്ചതിലേറെ തുക എത്തിയത്.

സമാഹരിച്ച തുകയിൽനിന്ന് ദിയാധനം നൽകാനായുള്ള ഒന്നര കോടി റിയാലിന് സമാനമായ ഇന്ത്യൻ രൂപയും വക്കീൽ ഫീസായി നൽകാനുള്ള ഏഴര ലക്ഷം റിയാലിന് സമാനമായ ഇന്ത്യൻ രൂപയും ഇതിനോടകം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.

ALSO READ- രണ്ടുപേരുടെ ജീവനെടുത്തത് ഒരു കോടിയുടെ പോർഷെ കാർ; 17കാരന് മുത്തച്ഛൻ പിറന്നാൾ സമ്മാനമായി നൽകിയതെന്ന് പോലീസ്; ഡ്രൈവറോട് കുറ്റമേൽക്കാൻ പറഞ്ഞും സമ്മർദ്ദം

പണം ലഭിച്ചതായി ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. കേസിനായി ഇതുവരെ ചെലവഴിച്ച തുകയും പ്രതിഭാഗം വക്കീലിന് നൽകാനുള്ള ഫീസും ഉൾപ്പെടെ ഇനിയും ചെലവുകളുണ്ട്. വരവ്, ചെലവ് ഉൾപ്പെടെയുള്ള കൃത്യമായ കണക്ക് ഓഡിറ്റിങ് പൂർത്തിയാക്കിയതിന് ശേഷം പ്രസിദ്ധീകരിക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

Exit mobile version