യുഡിഎഫ് കാലത്ത് ഇഷ്ടക്കാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കി; ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ കിട്ടാക്കടം 9 കോടി; കേന്ദ്ര സഹായവും നഷ്ടമായി

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍നിന്ന് മുസ്ലിംലീഗ് നേതാക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും അനധികൃതമായി വായ്പകള്‍ വാരിക്കോരി നല്‍കി വരുത്തിവെച്ചത് ഒമ്പത് കോടിയുടെ കിട്ടാക്കടം.

തിരുവനന്തപുരം: മുന്‍ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍നിന്ന് മുസ്ലിംലീഗ് നേതാക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും അനധികൃതമായി വായ്പകള്‍ വാരിക്കോരി നല്‍കി വരുത്തിവെച്ചത് ഒമ്പത് കോടിയുടെ കിട്ടാക്കടം. 2013 ല്‍ കോര്‍പറേഷന്‍ സ്ഥാപിതമായി ആദ്യ വര്‍ഷങ്ങളില്‍ നല്‍കിയ വായ്പകള്‍പോലും തിരിച്ചുകിട്ടാതെ വന്‍തുക കിട്ടാക്കടമായതോടെ കോര്‍പ്പറേഷന് ലഭിക്കുമായിരുന്ന കേന്ദ്ര സഹായവും നഷ്ടമായി.

എന്നാല്‍ കോര്‍പ്പറേഷന് ഉണ്ടായ നഷ്ടം കുറയ്ക്കുന്നിന്റെ ഭാഗമായി ഭാഗമായി മുന്‍ എംഡിയും മുസ്ലിംലീഗ് നേതാവുമായ മുഹമ്മദ് ഹനീഫ പെരിഞ്ചീരി അടക്കമുള്ളവരില്‍നിന്ന് കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ വന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ കെടി അദീബ് ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഇദ്ദേഹത്തിനെതിരെ മന്ത്രി ബന്ധു എന്ന ആരോപണവുമായി മുസ്ലിംലീഗ് രംഗത്തുവന്നത്.

സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനുകളിലെ അപക്‌സ് ബോഡിയായ നാഷണല്‍ മൈനോറിറ്റി ഫിനാന്‍സ് കോര്‍പറേഷന്റെ (എന്‍എംഎഫ്‌സി) സഹായം ലഭ്യമാകണമെങ്കില്‍ റിസര്‍വ് ബാങ്കില്‍നിന്ന് നോണ്‍ബാങ്കിങ് ഫിനാന്‍സ് കോര്‍പറേഷന്‍ (എന്‍ബിഎഫ്‌സി)ലൈസന്‍സ് ലഭ്യമാകണം. ഇത് കിട്ടണമെങ്കില്‍ ആകെ കിട്ടാക്കടം അഞ്ച് ശതമാനമായി കുറയ്ക്കണം. ഇതിനായാണ് കടങ്ങള്‍ തിരിച്ചുപിടിക്കുന്ന പ്രവര്‍ത്തികള്‍ ജനറല്‍ മാനേജര്‍ ശക്തമാക്കിയത്.

കോര്‍പ്പറേഷന്‍ ഒരു വര്‍ഷം നല്‍കുന്ന വായ്പയുടെ അത്രയും തുക വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സഹായമായി എന്‍ബിഎഫ്‌സി വഴി ലഭിക്കുമായിരുന്നതാണ് കിട്ടാക്കടം ഉയര്‍ത്തുക വഴി ലീഗ് നേതാക്കള്‍ നഷ്ടപ്പെടുത്തിയത്.

കിട്ടാക്കടം തിരിച്ചുപിടിക്കലിന് പുറമെ കോര്‍പറേഷനില്‍ കംപ്യൂട്ടറൈസേഷനും പുതിയ ജനറല്‍ മാനേജര്‍ ശ്രമം ആരംഭിച്ചിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഓഡിറ്റ് നടന്നിരുന്നില്ല. 2013 മുതലുള്ള ഓഡിറ്റ് നടത്താനും ബാങ്ക് ഇടപാടുകള്‍ മുഴുവന്‍ കംപൂട്ടര്‍വല്‍ക്കരിക്കാനും ശ്രമം ആരംഭിച്ചതും ലീഗ് നേതൃത്വത്തിന്റെ അപ്രീതിക്ക് വഴിയൊരുക്കി. ബാലന്‍സ് ഷീറ്റ് ഉള്‍പ്പെടെയുള്ളവ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസില്‍ ലഭ്യമായാല്‍ മറ്റ് ഓഫീസുകളില്‍ നടന്നിട്ടുള്ള ബിനാമി ഇടപാടുകള്‍വരെ കണ്ടെത്തുമെന്ന ഭീതിയും ലീഗ് നേതൃത്വത്തെ അങ്കലാപ്പിലാക്കി.

അതിനിടെ മുസ്ലിംലീഗ് നേതാക്കളും ആശ്രിതരും കോര്‍പറേഷനില്‍നിന്ന് തരപ്പെടുത്തി തിരിച്ചടയ്ക്കാത്ത വായ്പകളുടെ കൂടുതല്‍ വിവരങ്ങള്‍കൂടി പുറത്തുവന്നു. എംഎസ്എഫ് തവനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി സാദിഖ് അലി മൂന്ന് ലക്ഷംരൂപ വായ്പയെടുത്തതില്‍ 28 മാസത്തെ തിരിച്ചടവ് കുടിശ്ശികയാണ്.

യൂത്ത് ലീഗ് പുറത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഇപി അലി അഷ്‌കര്‍ നാലുലക്ഷം എടുത്തതില്‍ 22 മാസമാണ് കുടിശ്ശിക. തിരൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ (വാര്‍ഡ്-2) മൊയ്തീന്‍കുട്ടിയുടെ സഹോദരന്‍ വി ഷെരീഫ് രണ്ടുലക്ഷം വായ്പയെടുത്തതില്‍ 28 തിരിച്ചടവ് മുടങ്ങി. യൂത്ത് ലീഗ് തിരൂര്‍ നിയോജക മണ്ഡലം വര്‍ക്കിങ് കമ്മിറ്റിയംഗം പി മനാഫും കുടിശ്ശികക്കാരുടെ ലിസ്റ്റിലുണ്ട്. ലീഗിന്റെ അധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ഭാരവാഹിയായ നൗഷാദ് കടവത്ത് 1,08,000 രൂപ കുടിശ്ശിക വരുത്തി. നൗഷാദും ഭാര്യയും അധ്യാപകരാണ്.

യൂത്ത് ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ലീഗ് പ്രവര്‍ത്തകനുമായ പിപി മുഹമ്മദലി ഒന്നരലക്ഷം എടുത്തിട്ട് 26 മാസമായി തിരിച്ചടവ് മുടങ്ങി. തവനൂര്‍ പഞ്ചായത്തിലെ ലീഗിന്റെ വാര്‍ഡ് പ്രസിഡന്റ് എംപി സലീമും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റിലുണ്ട്. ഇവര്‍ക്കെതിരെയുള്ള നടപടി പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനെ വിവാദത്തിലാഴ്ത്താന്‍ മുസ്ലിം ലീഗിനെ പ്രേരിപ്പിച്ചതെന്ന് ആരോപണമുയരുന്നുണ്ട്.

Exit mobile version