മോഡിയുടെ ആഹ്വാനം ആവേശം കൊള്ളിച്ചു; ദീപം തെളിയിക്കലിനൊപ്പം പടക്കവും പൊട്ടിച്ചു, കെട്ടിടത്തിന് തീപിടിച്ചു

ജയ്പൂര്‍: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്ത ജനങ്ങള്‍ ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച് കെട്ടിടത്തിന് തീപിടിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.

മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും
തീയണച്ചതായും അധികൃതര്‍ അറിയിച്ചെന്ന് മാഹിം പ്രതാപ് സിങ് ട്വിറ്ററില്‍ കുറിച്ചു. കൊറോണയെന്ന ഇരുട്ടിനെ അകറ്റുന്നതിന്റെ ഭാഗമായി ജനങ്ങള്‍ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ദീപം തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രി ആ്ഹ്വാനം ചെയ്തത്.

കൊറോണയെന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത് ഏറ്റെടുത്ത ജനങ്ങള്‍ വിളക്കുകള്‍ തെളിയിക്കുന്നതിനൊപ്പം തെരുവിലിറങ്ങി പലരും പടക്കവും പൊട്ടിച്ചു. ഇതോടെ പല നഗരങ്ങളിലും ഏപ്രിലില്‍ ദീപാവലി എത്തിയ പ്രതീതിയായി.

ജയ്പൂരില്‍ നടന്ന അപകടത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ചത്. മോഡിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്, നേതാക്കളും പ്രമുഖരുമടക്കം നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Exit mobile version