തേങ്ങയിടാന്‍ ആളില്ലേ, വാട്‌സാപ് വഴി ലൊക്കേഷന്‍ അയച്ചോളൂ, നല്ല മൂത്ത തേങ്ങ നോക്കി വെട്ടിയിടാന്‍ തൊഴിലാളികള്‍ വീട്ടിലെത്തും

മലപ്പുറം; തേങ്ങയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട, വാട്‌സാപ് വഴി ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചു കൊടുത്താല്‍ തൊഴിലാളികള്‍ വീട്ടിലെത്തി നല്ല മൂത്ത തേങ്ങകള്‍ നോക്കി വെട്ടിയിടും. മലപ്പുറത്തെ മൂന്ന് ഡിഗ്രി വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഇപ്പോള്‍ കേരളത്തില്‍ ഹിറ്റാവുന്നത്.

നാസോ എന്നാണ് കമ്പനിയുടെ പേര്. കോക്കനട്ട് ട്രീ ക്ലൈംബിങ് സര്‍വീസ് അഥവാ തെങ്ങു കയറ്റമാണ് ഇവരുടെ പ്രവര്‍ത്തന മേഖല. സഹോദരങ്ങളായ മുഹമ്മദ് നിഷാദ്, മുഹമ്മദ് നാഷിദ്, സുഹൃത്ത് അംജദ് സലൂം എന്നിവരാണ് കമ്പനി സിഇഒമാര്‍. ഇവര്‍ക്കു കീഴില്‍ കമ്പനി യൂണിഫോമുള്ള മൂന്ന് എംപ്ലോയീസും ഉണ്ട്.

മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശികളാണ് നിഷാദും നാഷിദും. കോല്‍മണ്ണ സ്വദേശിയാണ് അംജദ്. നാട്ടില്‍ തേങ്ങയിടാന്‍ ആളെ കിട്ടാനില്ല എന്ന ചരിത്രസത്യം ലോക്ഡൗണിനു തൊട്ടു മുന്‍പാണ് ഇവര്‍ മനസ്സിലാക്കുന്നത്. തളപ്പിടാതെ കയറിയ ആലോചനകള്‍ പിന്നീട് തെങ്ങു കയറ്റക്കമ്പനി എന്ന ആശയത്തില്‍ ചെന്നുനിന്നു.

ആദ്യം ഒരു യന്ത്രം വാങ്ങി ജോലി തങ്ങള്‍ക്ക് വഴങ്ങുമോയെന്ന് പരീക്ഷിച്ചു. പരീക്ഷണം വിജയിച്ചു. എന്നാല്‍ തെങ്ങുകയറ്റം ഫുള്‍ ടൈം ആക്കിയാല്‍ പഠനം മുടങ്ങുമെന്നതിനാല്‍ പുറത്തുനിന്നും ആളുകളെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ വലവീശി ബംഗാളികളെ പൊക്കി.

യന്ത്രം വഴി തെങ്ങു കയറുന്ന വിഡിയോ ചിത്രീകരിച്ച് അതുമായി എന്നും അതിരാവിലെ മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റിലെത്തും. ജോലിക്കു പോകാനായി നില്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിഡിയോ കാണിച്ചു കൊടുക്കും. ‘നാരിയല്‍ കാ പേട് ഭായി, ഇതു പോലെ കയറാന്‍ പറ്റുമോ ഭായ്’ എന്നെല്ലാം മുറിഹിന്ദിയില്‍ സംസാരിച്ച് അവര്‍ക്ക് കാര്യം മനസ്സിലാക്കി കൊടുത്തു.

രണ്ടുമൂന്നുപേര്‍ ജോലി ചെയ്യാന്‍ തയ്യാറായി. ഒരു തെങ്ങു കയറുന്നതിന് 35 രൂപ. ഭൂരിഭാഗവും തൊഴിലാളിക്ക്, ചെറിയൊരു വിഹിതം കമ്പനിക്ക് എന്നായിരുന്നു ഇവര്‍ നല്‍കിയ ഓഫര്‍. പക്ഷേ അപ്പോഴേക്കും നാട്ടിലെത്താന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചതോടെ ഹിന്ദിക്കാര്‍ പോയി.

എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ മൂവരും തയ്യാറായിരുന്നില്ല. തൊഴിലാളികളെ ക്ഷണിച്ച് വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയും ഫെയ്‌സ്ബുക് പേജ് വഴിയും പരസ്യമിട്ടു. കണ്ണൂരില്‍നിന്നും കാസര്‍കോട്ടുനിന്നും വരെ വിളി വന്നു. ഒപ്പം സ്വന്തം ജില്ലയില്‍ നിന്നുള്ളവരും വിളിച്ചു.

ജോലി ആവശ്യപ്പെട്ട് വിവിധ ജില്ലകളിലും നിന്നും ഇവര്‍ക്ക് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ നാട്ടില്‍നിന്നുള്ള മൂന്നു പേരെ തിരഞ്ഞെടുത്ത് കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങി. തല്‍ക്കാലം മലപ്പുറം നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലുമാണ് ഇവരുടെ സേവനം ലഭിക്കുക. വിവിധ ജില്ലകളില്‍ ബ്രാഞ്ചുകള്‍ തുടങ്ങാനും കമ്പനിക്കായി വെബ്‌സൈറ്റും ആപ്പും ഒരുക്കാനുമുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ പയ്യന്‍സ്. നാട്ടുകാരില്‍ നിന്നും പൂര്‍ണ പിന്തുണയാണ് ഈ മൂവര്‍സംഘത്തിന് ലഭിക്കുന്നത്.

Exit mobile version