പത്രത്തിൽ വാർത്ത വരുമ്പോഴാണ് കാര്യങ്ങൾ അറിയുന്നത്, പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ല; അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യമായി വിഴുപ്പലക്കാനില്ല: കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പാർട്ടി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്യമായി വിഴുപ്പലക്കാനില്ലെന്ന് പത്ര സമ്മേളനത്തിൽ കെ മുരളീധരൻ എംപി. വിഴുപ്പലക്കലിന്റെ കാലമൊക്കെ കഴിഞ്ഞു. പാർട്ടി അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലുമൊക്കെ പല വെല്ലുവിളികളേയും നേരിടുന്ന സാഹചര്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. പാർട്ടി പ്രചാരണ വിഭാഗം ചെയർമാൻ സ്ഥാനം രാജിവെച്ച ശേഷമായിരുന്നു പ്രതികരണം.

‘പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല. പത്രത്തിൽ വാർത്ത വരുന്നത് കൊണ്ട് ഞാനൊക്കെ അറിയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന അവസരം നേതാക്കൻമാരുടെ പരസ്യ പ്രസ്താവനകൾക്കൊണ്ട് ഇല്ലാതാവരുത്. ഞങ്ങളെയൊക്കെ ഈ സ്ഥാനത്ത് എത്തിക്കാൻ ആഹോരാത്രം പ്രവർത്തിച്ചവരാണ് പ്രവർത്തകർ.’അവർക്ക് പ്രായാസമുണ്ടാകുന്ന ഒരു നിലപാടും ഉണ്ടാവില്ല. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും തുറന്ന് പറയില്ല. അങ്ങനെ പാർട്ടിക്ക് ക്ഷീണമുണ്ടാക്കില്ല. പ്രചരണ സമിതി ചെയർമാനെന്ന് പറയുന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഹൈക്കമാൻഡ് എന്നെയൊരു കാര്യം ഏൽപിച്ചു. അത് ഭംഗിയായി ചെയ്തു’. കഴിഞ്ഞ തവണ കോൺഗ്രസ് അധ്യക്ഷയെ കണ്ടപ്പോൾ തന്നെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

‘ഞാൻ എന്റെ മാതൃക കാണിച്ചു. ബാക്കിയുള്ളവർ ഫോളോ ചെയ്യണോയെന്ന് അവർ തീരുമാനിക്കണം. യുഡിഎഫിന് ഒരു പ്രതിസന്ധിയുമില്ല. ഞങ്ങളില്ലെങ്കിലും ഇഷ്ടം പോലെ നേതാക്കളുണ്ട്. യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമില്ല. ഞങ്ങളെ ഏൽപിച്ചത് ഡൽഹിയിലെ കാര്യങ്ങൾ നോക്കാനാണ്. അത് ഭംഗിയായി നിർവഹിക്കുന്നുണ്ട്. അതുകൊണ്ട് അങ്കലാപ്പിന്റ പ്രശ്‌നമില്ല. കെ മുരളീധരൻ മാറിയാൽ ആയിരം മുരളീധരൻമാർ വേറെ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫിന്റെ പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്. കേരളം മുഴുവൻ ഓടിനടക്കാനുള്ള സമയമില്ല. എന്റെ പാർലമെന്റ് മണ്ഡലത്തിലും വട്ടിയൂർക്കാവിലും മാത്രമേ പ്രചാരണത്തിന് പോവുന്നുള്ളൂ. അങ്ങനെയൊരു സാഹചര്യത്തിൽ സ്ഥാനം ആലങ്കാരികമായിട്ട് കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് രാജിക്കത്ത് കൊടുത്തതെന്നും മുരളീധരൻ പറഞ്ഞു.

Exit mobile version