റംസാന് മുന്നോടിയായി പുതുജീവിതം നയിക്കാന്‍ അവസരം; യുഎഇയിലെ തടവുകാര്‍ക്ക് മോചനം; പിഴയും കടങ്ങളും ഭരണകൂടം വഹിക്കും

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരെയാണ് മോചിപ്പിക്കാനൊരുങ്ങുന്നത്.

ദുബായ്: റമസാനു മുന്നോടിയായി യുഎഇയിലെ എമിറേറ്റുകളില്‍ ജയിലുകളില്‍ കഴിയുന്ന തെരഞ്ഞെടുക്കപ്പെട്ട തടവുകാര്‍ക്ക് മോചനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും സര്‍ക്കാര്‍ ഇടപെട്ടു തീര്‍പ്പാക്കും. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരെയാണ് മോചിപ്പിക്കാനൊരുങ്ങുന്നത്. യുഎഇയിലെ മൂവായിരത്തിഅഞ്ചു തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. റമദാന്റെ ഭാഗമായി പുതിയ ജീവിതം നയിക്കാനും കുടുംബാംഗങ്ങളുടെ സങ്കടത്തിനു അറുതിവരുത്താനുമാണ് പ്രസിഡന്റിന്റെ നടപടിയെന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ശിക്ഷാ കാലാവധിക്കിടെ നല്ലപെരുമാറ്റം ഉറപ്പാക്കിയവര്‍ക്കായിരിക്കും മോചനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് ഇളവുനല്‍കും.

ഷാര്‍ജയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 377 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ക്കാണ് മോചനം. റാസല്‍ ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി 306 തടവുകാരെ മോചിപ്പിക്കാന്‍ അനുമതി നല്‍കി.

ഉമ്മല്‍ഖുവൈന്‍ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ലയും തിരഞ്ഞെടുക്കപ്പെട്ട തടവുകാരുടെ മോചനത്തിനു അനുമതി നല്‍കി.

Exit mobile version