പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണമരണം

ഷാർജ: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. മരിച്ച രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പോങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരണപ്പെട്ടത്.

ഷാർജ- അജ്മാൻ റോഡിൽ തിങ്കളാഴ്ച വൈകീട്ട് 7.30- ഓടെയായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീറിനെ ഗുരുതരാവസ്ഥയിൽ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മക്കളായ ഇഷ, ആദം എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

മൂത്തമകളായ ഇഷയെ പരിക്കുകളോടെ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ ആദമിന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

അപകടത്തിൽ പരുക്കേറ്റ ജാസിമിന്റെ ബന്ധു കൂടിയായ ഹാഷിക് കടക്കൽ അജ്മാൻ ഖലീഫാ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച സനോജ് ഷാജഹാന്റെ കുടുംബം രണ്ടുദിവസം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. പുതുവർഷം ആഘോഷിക്കാനായാണ് ജാസിമും കുടുംബവും സനോജും ഹാഷികും ഒരുവാഹനത്തിൽ ഫുജൈറയിലേക്ക് പോയത്. ഇവിടെ നിന്ന് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

ALSO READ- കുട്ടികർഷകർക്ക് നിലയ്ക്കാത്ത സഹായ പ്രവാഹം; പത്ത് പശുക്കളെ വാങ്ങാനുള്ള പണം നൽകുമെന്ന് എംഎ യൂസഫലി

ജാസിം ആയിരുന്നു വാഹനമോടിച്ചിരുന്നത്. സനോജിനൊപ്പം അജ്മാനിൽ ട്രാവൽസ് നടത്തി വരികയായിരുന്നു. സനോജിന്റെ ഭാര്യ സബ്‌ന, മക്കൾ: മുഹമ്മദ് സയാൻ, സാദിയ ഫർഹാത്, സമീഹ ഫാത്തിമ, സിഹാൻ. മാതാപിതാക്കൾ: ഷാജഹാൻ, നൂർജഹാൻ.

തോളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പരപ്പാര സുലൈമാന്റെയും മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റസിയയുടെയും മകനാണ് ജാസിം. കബറടക്കം നാട്ടിൽ.

Exit mobile version