കുട്ടികർഷകർക്ക് നിലയ്ക്കാത്ത സഹായ പ്രവാഹം; പത്ത് പശുക്കളെ വാങ്ങാനുള്ള പണം നൽകുമെന്ന് എംഎ യൂസഫലി

തൊടുപുഴ: കപ്പയുടെ തോട് കഴിച്ച് അവശനിലയിലായി പശുക്കൾ കൂട്ടത്തോടെ ചത്തു പോയ ക്ഷീര കർഷക കുടുംബത്തിന് കൈത്താങ്ങായി കേരളക്കര തന്നെ ഒന്നിക്കുന്നു. പശുക്കളെ നഷ്ടപ്പെട്ട് ഉപജീവന മാർഗം പോലും ആശങ്കയിലായ തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായഹവുമായി പ്രവാസി വ്യവസായ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പും രംഗത്ത്. പത്ത് പശുക്കളെ വാങ്ങുന്നതിനായി പണം ലുലു ഗ്രൂപ്പ് നൽകും. വീട്ടിലെത്തി തുക കൈമാറുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

കുട്ടികർഷകർക്ക് ധനസായവുമായി നടൻ ജയറാമും ഇന്ന് രാവിലെ എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായി മാറ്റിവെച്ചിരുന്ന തുകയാണ് താരം കുട്ടികൾക്ക് കൈമാറിയത്. പിന്നാലെ തന്നെ മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നൽകുമെന്ന് അറിയിച്ചിരുന്നു.

ALSO READ- പ്രണയം സഫലമാകുന്നു, നടൻ ഷൈൻ ടോം ചാക്കോയ്ക്ക് വിവാഹം; മോഡലായ തനൂജ വധു; വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ

കുട്ടികർഷകരുടെ വീട്ടിലെത്തി മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും ആശ്വസിപ്പിച്ചിരുന്നു. ഇവരുടെ ഫാമിൽ 22 പശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കപ്പയുടെ തണ്ടിലെ സയനൈഡ് അംശമാണ് വിഷബാധയേൽക്കാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയുടെയും ജോർജിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Exit mobile version