മക്കൾക്ക് ചെറിയ പനിയാണെങ്കിലും ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോണം, കൂടുന്നതും കാത്ത് നിൽക്കരുത്; ദുബായിയിൽ മരിച്ച ഐറിസ് മോളെ കുറിച്ച് കണ്ണീർ കുറിപ്പ്

ദുബായ്: മലയാളി വിദ്യാർത്ഥിനി ദുബായിയിൽ പനി ബാധിച്ചതിന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച ദാരുണസംഭവത്തിൽ കണ്ണീരൊഴിയുന്നില്ല. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്റെയും ഷെറിന്റെയും മകൾ ഐറിസ് (എട്ട്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയും വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയുമായിരുന്നു.

അതേസമയം, മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് ദുബായിയിലെ മലയാളി കാരുണ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി. ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

നസീർ വാടാനപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഐറിസ് മോൾ ഈ ലോകത്തോട് യാത്ര പറഞ്ഞു… ദുബൈ സിലിക്കോൺ ഒയാസിസിലെ ജെംസ് വെല്ലിംഗ്ടൺ സ്‌കൂളിലെ വിദ്യാർത്ഥിനി എട്ടുവയസ് മാത്രം പ്രായമുള്ള ഐറിഷ് മോളെ പനി വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ മോൾക്ക് ഹാർട്ട് അറ്റാക്ക് വന്നു വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. മരണ ശേഷം നടത്തിയ കൊവിഡ് ടെസ്റ്റിൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു. മരണം സംഭവിച്ച ഉടനെ തന്നെ കുട്ടിയുടെ ബന്ധുക്കൾ എന്നെ ബന്ധപ്പെടുകയും മകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കൊവിഡ് പോസിറ്റീവ് ആയ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാൻ കഴിയുമോ എന്ന ആശങ്ക ബന്ധുക്കൾക്കുണ്ടായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ശനിയാഴ്ച രാത്രിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ മോളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ സാധിച്ചു. എട്ടുവയസു മാത്രം പ്രായമുള്ള ഐറിഷ് മോൾ മാതാപിതാക്കൾക്കും ടീച്ചർമാർക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. ആ പിഞ്ചു മോൾ ഒരു ചെറു പനിയുടെ കാരണത്താൽ ദൈവ സന്നിധിയിലേക്ക് യാത്രയായത് ഉൾകൊള്ളാനാവാതെ വിങ്ങി പൊട്ടുന്ന ഐറിഷ് മോളുടെ ബന്ധുക്കളുടെ മുന്നിൽ പലപ്പോഴും ഞാനും കരഞ്ഞു പോയിട്ടുണ്ട്. മോളുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുക്കൾക്കും കുട്ടുകാർക്കും എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്നും മോളുടെ പ്രിയപ്പെട്ട ഓർമ്മകൾ നിങ്ങളെ ആശ്വസിപ്പിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുർത്തിയാക്കാൻ മോളുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും മറ്റും ആത്മാർത്ഥമായി എന്റെ കൂടെ നിന്ന് പ്രവർത്തിച്ചതിനെ തുടർന്നാണ് കൊവിഡ് പോസിറ്റീവ് ആയിട്ടും മോളുടെ മൃതദേഹം വളരെ പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിക്കുവാൻ സാധിച്ചത്.

എന്റെ ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണം.ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുത്. ഇന്ന് കാലത്ത് 11 മണിക്ക് എരമല്ലൂർ സന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് പള്ളി സിമിത്തേരിയിൽ മകളുടെ സംസ്‌കാര ചടങ്ങുകൾ നടക്കും, മോൾക്ക് നിത്യ ശാന്തി നേരുന്നു…

Exit mobile version