റാസല്‍ഖൈമയില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം; അപകടം ഷാര്‍ജയില്‍ തിരുവാതിര ആഘോഷം കഴിഞ്ഞ് മടങ്ങവെ

ഭര്‍ത്താവ് ഓടിച്ച വാഹനം വിളക്കുകാലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കറാനില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം വിളക്കുകാലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാസര്‍കോഡ് സ്വദേശിനി ദിവ്യ (25) യാണ് മരണപ്പെട്ടത്. റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പട്ടാമ്പി സ്വദേശി പ്രവീണിന്റെ ഭാര്യയാണ്. പ്രവീണാണ് കാര്‍ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ട് വയസ്സുകാരനായ മകന്‍ ദക്ഷിനും പ്രവീണും അദ്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍കോട് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരി-ജലജ ദമ്പതികളുടെ മകളാണ് ദിവ്യ. ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദിവ്യ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു.

റാക് ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാട്ടിലത്തെിക്കാന്‍ കഴിയുമെന്ന് ഐആര്‍സി പ്രതിനിധി പുഷ്പന്‍ ഗോവിന്ദന്‍ അറിയിച്ചു.

Exit mobile version