കാലാവധി കഴിഞ്ഞ ദുബായ് താമസവിസക്കാരുടെ വിസ കാലാവധി നീട്ടി; മേയ് മാസത്തിന് ശേഷം കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം

ദുബായ്: കാലാവധി കഴിഞ്ഞ ദുബായ് താമസ വിസക്കാരുടെ വിസ കാലാവധി നീട്ടിയതായി സൂചന. ജിഡിആർഎഫ്എയുടെ വെബ്‌സൈറ്റ് വഴി പരിശോധിക്കുമ്പോഴാണ് കാലാവധി നീട്ടിയിരിക്കുന്ന വിവരം യാത്രക്കാർ അറിയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാത്തതിനാലാണ് അധികപേരും വെബ്‌സൈറ്റിൽ നിന്നും ഇക്കാര്യം തിരിച്ചറിഞ്ഞിരിക്കുന്നത്.

മിക്ക പ്രവാസികൾക്കും രണ്ടോ മുതൽ നാല് മാസത്തേക്കാണ് വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുള്ളത്. നിലവിൽ ദുബായ് വിസക്കാർക്ക് മാത്രമാണ് കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്. അബുദാബി, ഷാർജ ഉൾപ്പടെയുള്ള മറ്റ് എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടേണ്ടെന്നാണ് സൂചന.

മെയ് മാസത്തിന് ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്‌സ്പയറി ഡേറ്റാണ് നിലവിൽ നീട്ടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിലർക്ക് ഒരു മാസം അധികം ലഭിച്ചപ്പോൾ ഭൂരിപക്ഷം പേർക്കും എക്‌സ്പയറി ഡേറ്റ് കാണിക്കുന്നത് നവംബർ 9, ഡിസംബർ 9 എന്നിങ്ങനെ നീട്ടിയ തീയതികളാണ്.

ഇത്തരത്തിൽ കാലാവധി നീട്ടിയതോടെ ദുബായിലേക്ക് യാത്ര ചെയ്യാൻ ജിഡിആർഎഫ്എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായും പ്രവാസികൾ പറയുന്നു.

Exit mobile version