ഓണ്‍ലൈന്‍ ക്ലാസ്സെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു, വിവരം മറ്റ് അധ്യാപകരെ വിളിച്ചറിയിച്ച് വിദ്യാര്‍ത്ഥികള്‍; രക്ഷിക്കാനെത്തിയപ്പോഴേക്കും മരണം

ദമാം: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ് മരിച്ചത്. 35 വയസ്സായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസ്സെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അധ്യാപകന്‍ പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം കണ്ട വിദ്യാര്‍ഥികളാണ് ഫോണില്‍ ബന്ധപ്പെട്ട് തന്നെ വിവരമറിയിച്ചതെന്ന് ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനായ മുഹമ്മദ് അല്‍സുഫ്യാന്‍ പറഞ്ഞു.

സ്‌കൂളിന് അടുത്തു തന്നെയാണ് മുഹമ്മദ് ഹസ്സാന്റെ താമസസ്ഥലം. വിദ്യാര്‍ഥികളില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ തങ്ങള്‍ താമസസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ മുഹമ്മദ് ഹസ്സാനെ ചേതനയറ്റ നിലയിലാണ് കണ്ടെത്തിയതെന്നും അധ്യാപകന്‍ കൂട്ടിച്ചേര്‍ത്തു.

അധ്യാപകന്റെ വിയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് അനുശോചിച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

Exit mobile version