50 ദിവസം കഴിഞ്ഞിട്ടും കൊറിയർ നാട്ടിൽ എത്തിയില്ല; സൂക്ഷിക്കണം ഈ എബിസി കാർഗോ കമ്പനിയെ: ദുരനുഭവം പങ്കുവെച്ച് പ്രവാസി യുവാവ്

50 ദിവസം കഴിഞ്ഞിട്ടും ദുബായിയിൽ നിന്നും അയച്ച കൊറിയർ നാട്ടിൽ എത്തിയില്ല; സൂക്ഷിക്കണം ഈ എബിസി കാർഗോ കമ്പനിയെ; പണവും സാധനവും പോയ ദുരനുഭവം പങ്കുവെച്ച് പ്രവാസി യുവാവ്

തൃശ്ശൂർ: ദുബായിയിൽ നിന്നും നാട്ടിലേക്ക് പുറപ്പെടുമ്പോൾ എബിസി കാർഗോ ആന്റ് കൊറിയർ കമ്പനി വഴി അയച്ച കൊറിയർ ഇതുവരെ കൈയ്യിൽ ലഭിക്കാത്തതിന്റെ നിരാശ പങ്കുവെച്ച് പ്രവാസി യുവാവ്. 15-20 ദിവസങ്ങൾക്കുള്ളിൽ എത്തേണ്ട കാർഗോ അമ്പത് ദിവസം പിന്നിട്ടിട്ടും എത്തിയിട്ടില്ലെന്നാണ് ഉമ്മർ ഫാറൂഖ് എന്ന തൃശ്ശൂർ സ്വദേശിയുടെ പരാതി. നിരവധി തവണ കമ്പനിയുമായി ബന്ധപ്പെട്ടിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കൈയ്യൊഴിയുകയല്ലാതെ കൃത്യമായ കാരണം അറിയിക്കാനോ പ്രതികരിക്കാനോ കമ്പനി തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ യുവാവ് തന്റെ ദുരനുഭവം പങ്കുവെച്ചതോടെ സമാനമായ പരാതിയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് കൊറിയറും പാഴ്‌സലും അയക്കാൻ മിക്കവരും ആശ്രയിക്കുന്ന കമ്പനിയാണ് എബിസി കാർഗോ. എന്നാൽ ഈ കമ്പനിയെ ആശ്രയിച്ച് കൊറിയർ അയയ്ക്കാനായി അടക്കുന്ന വൻതുകയും നമ്മുടെ സാധനവും കൈയ്യിൽ നിന്നും പോകുന്ന അവസ്ഥയാണ് മിക്കവർക്കും പങ്കുവെയ്ക്കാനുള്ളത്.

നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് ഉമ്മർ ഫാറൂഖ് മാത്രമല്ല അദ്ദേഹത്തിന്റെ കുറിപ്പിന് താഴെ പലരും ഇക്കാര്യം ആവശ്യപ്പെടുന്നുമുണ്ട്. ‘ഗൾഫ് നാടുകളിൽ നിന്ന് ആരെങ്കിലും കൊറിയർ അയക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ എബിസി കാർഗോ വഴി അയക്കാതിരിക്കുകയാണ് സേഫ്. കാശും പോകും അയക്കുന്ന സാധനങ്ങളും പോകും’- ഉമ്മർ ഫാറൂഖ് പറയുന്നു.

ഉമ്മർ ഫാറൂഖിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ദുബായ് യിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ ABC കാർഗോ വഴി ഒരു കൊറിയർ അയച്ചതാണ് . 13 ജൂലൈ ക്കു അയച്ച കൊറിയർ 15-20 ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യുമെന്നാണ് അറിയിച്ചത് . ഇന്നിപ്പോ 50 ദിവസം കഴിഞ്ഞു . ഇപ്പോഴും ഒരു വിവരവും ഇല്ല . ഏതാണ്ട് 10000 രൂപ കൊറിയർ ചാര്ജും അതിനേക്കാൾ വില വരുന്ന സാധങ്ങളും അവര് മുക്കി എന്ന് തോന്നുന്നു . ഇമൈലുകൾക്കു മറുപടി ഇല്ലാതായപ്പോ നാട്ടിൽ നിന്ന് കുറെ isd യും വിളിച്ചു follow up ചെയ്തു . ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു കളിയാക്കുകയല്ലാതെ കൃത്യമായി വിവരമില്ല . ഗൾഫ് നാടുകളിൽ നിന്ന് ആരെങ്കിലും കൊറിയർ അയക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ABC കാർഗോ വഴി അയക്കാതിരിക്കുകയാണ് സേഫ് . കാശും പോകും അയക്കുന്ന സാധനങ്ങളും പോകും

Exit mobile version