പ്രായമേറിയവരും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞതുമായ 68,000 പ്രവാസികളെ പിരിച്ചുവിടാൻ കുവൈറ്റ്; നടപടികൾ ആരംഭിച്ചു

കുവൈറ്റ് സിറ്റി: മലയാളികൾ ഉൾപ്പടെയുള്ള ഒട്ടേറെ പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റ് ഭരണകൂടത്തിന്റെ തീരുമാനം. അറുപത് വയസ് പൂർത്തിയായതും ഹൈസ്‌കൂൾ ഡിപ്ലോമയോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാൻ കുവൈറ്റ് നടപടികൾ ആരംഭിച്ചു. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡാറ്റാ ബേസ് തയ്യാറാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു.

അടുത്ത വർഷം ആദ്യം മുതൽ ഈ വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതും പെർമിറ്റ് മാറ്റവും വിലക്കാനുള്ള തീരുമാനം നടപ്പിലാക്കാനാണ് തീരുമാനം. 59 വയസ്സ് പൂർത്തിയായവരും 60ൽ കൂടുതൽ പ്രായമുള്ളവരുമായ ഹൈസ്‌കൂൾ ഡിപ്ലോമയും അതിൽ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68,318 വിദേശ തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ 59 വയസ്സും 60 വയസ്സും പൂർത്തിയായവർക്ക് ഒരു വർഷത്തേക്ക് മാത്രം വർക്ക് പെർമിറ്റ് പുതുക്കി നൽകുകയും മാറ്റി നൽകുകയും ചെയ്യും. എന്നാൽ അടുത്ത വർഷം ജനുവരി ഒന്നുമുതൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

Exit mobile version