മലയാളികളുടെ സ്‌നേഹത്തിന്റെ കരുത്തിൽ അബ്ദൂൾ റഹീം ജീവിതത്തിലേക്ക്; മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിച്ചു

തൃശൂർ: ഒരിക്കൽ കൂടി മലയാളികൾ ഒരുമിച്ച് കൈകൾ കോർത്തതോടെ അസാധ്യമെന്ന് കരുതിയ ലക്ഷ്യം സാധ്യമായി. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം ഇനി ജീവിതത്തിലേക്ക് തിരിച്ചുവരും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുകയെന്ന ഹിമാലയൻ കടമ്പ ഒടുവിൽ കൂട്ടായ്മയിലൂടെ മലയാളികൾ മറികടന്നിരിക്കുന്നു.

ധനസമാഹരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ 34 കോടി രൂപ സമാഹരിച്ചിരിക്കുകയാണ്. ഈ തുക ഉടനെ സൗദിയിലെത്തിച്ച് കൈമാറും. വൈകാതെ തന്നെ റഹീമിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാമെന്നാണ് പ്രതീക്ഷ. ഇവിടെ പിരിച്ചെടുത്ത പണം ഇന്ത്യൻ എംബസി വഴി സൗദിയിലെത്തിക്കാനാണ് നീക്കം. പണം കൈമാറാൻ ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുൾ റഹീം 18 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്നത്. നിരന്തര ഇടപെടലിലൂടെയാണ് ഒടുവിൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം സമ്മതം അറിയിച്ചത്. ഇതിനായി ചോരപ്പണം എന്ന് അറിയപ്പെടുന്ന അവർ ആവശ്യപ്പെട്ട തുക 34 കോടി രൂപയായിരുന്നു. ഈ തുകയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്.

ഈ തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിനം ബാക്കി നിൽക്കെയാണ് പൂർണമായും ഈ സംഖ്യ സ്വരൂപിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് നാലു കോടി രൂപ കൂടി അക്കൗണ്ടിലേക്ക് എത്തിയത്.

ALSO READ- ‘സുരേഷ് ഗോപി എംപിയാവാൻ ഫിറ്റായ ആൾ’; പ്രസ്താവന വിവാദമായതോടെ തിരുത്തി തൃശ്ശൂർ മേയർ എംകെ വർഗീസ്

ചൊവ്വാഴ്ചയാണ് പണം നൽകാനുള്ള അവസാന തീയതി. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകീട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്.

  • Categories: Pravasi News, Trending
  • Tags: