കോവിഡ് ദുരിത ബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് കൈത്താങ്ങായി, ഒടുവില്‍ അബ്ദു റഹീമിന്റെ ജീവനെടുത്ത് കോവിഡ്, വേദനയോടെ പ്രവാസലോകം

ദോഹ: കോവിഡ് ബാധിതര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിച്ച മലയാളി ദോഹയില്‍ വൈറസ് ബാധിച്ച് മരിച്ചു. ഖത്തര്‍ ഇന്‍കാസിന്റെ തലശ്ശേരി മണ്ഡലം പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണൂര്‍ കതിരൂര്‍ സ്വദേശി അബ്ദു റഹിം എടത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചത്.

47 വയസ്സായിരുന്നു. കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിന്‍ മഹ്മൂദിലെ സര്‍ക്കാര്‍ ഐസലേഷന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു അബ്ദു റഹീം. അതിനിടെയാണ് ശ്വാസ തടസ്സം ഗുരുതരമായത്. തുടര്‍ന്ന് ഹമദ് ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കോവിഡ് -19 ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു അബ്ദു റഹീം. ദോഹയിലെ അല്‍ സലാം കമ്പനിയിലെ ജീവനക്കാരനാണ്.

റെയ്‌സ ആണ് ഭാര്യ. അബ്‌നര്‍, അല്‍വിത, ആദിബ എന്നിവര്‍ മക്കള്‍ ആണ്. ഖത്തര്‍ കെഎം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ദോഹയില്‍ ഖബറടക്കും. അബ്ദു റഹീമിന്റെ മരണം പ്രവാസിമലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്.

Exit mobile version