ഒരു പ്രവാസിയിൽ നിന്നും രോഗം ബാധിച്ചത് 36 പേർക്ക്; സമാനമായി നാല് ക്ലസ്റ്ററുകളെന്ന് ബഹ്‌റൈൻ

മനാമ: ബഹ്‌റൈനിൽ ഒരു പ്രവാസിയിൽ നിന്ന് 36 പേർക്ക് കൊവിഡ് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 40കാരനായ പ്രവാസിയിൽ നിന്നും രോഗം പകർന്നാണ് രോഗികളുടെ ഒരു ക്ലസ്റ്റർ തന്നെ രൂപം കൊണ്ടത്. ഇയാളുടെ സഹപ്രവർത്തകരും ഒപ്പം താമസിച്ചിരുന്നവരുമാണ് രോഗികളായത്. ജൂൺ 16 മുതൽ ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സമാന സ്വഭാവത്തിലുള്ള നാല് ക്ലസ്റ്ററുകൾ കൂടി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് ക്ലസ്റ്ററുകൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ടെസ്റ്റിങിൽ രോഗം കണ്ടെത്തിയ 37കാരനായ സ്വദേശി യുവാവിൽ നിന്ന് ഒമ്പത് പേർക്ക് രോഗം പടർന്നിരുന്നു. ഇവരിൽ രണ്ട് പേർ സ്വദേശികളും മറ്റുള്ളവർ പ്രവാസികളുമാണ്. 36കാരനായ ഒരു പ്രവാസിയിൽ നിന്ന് മറ്റ് എട്ട് പ്രവാസികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

54കാരനായ മറ്റൊരു പ്രവാസിയിൽ നിന്നും എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. തൊഴിലിടങ്ങളിൽ വെച്ചായിരുന്നു ഈ രോഗവ്യാപനങ്ങളെല്ലാം. ഇതിന് പുറമെ 36കാരനായ സ്വദേശി യുവാവിൽ നിന്നും 13 പേർക്കു രോഗം ബാധിച്ചതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version