കൊവിഡ്; സൗദിയില്‍ ചികിത്സയില്‍ കഴിയവെ തൃശ്ശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസലോകത്ത് മരിച്ചു. തൃശുര്‍ മുള്ളൂര്‍ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലനാണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സൗദി അറേബ്യയിലെ റിയാദിലാണ് മരണം. കൊവിഡ് രോഗ ലക്ഷണങ്ങളോടെയാണ് വേണുഗോപാലനെ ആശുപത്രിയില്‍ പ്രവേശിച്ചിച്ചത്. തുടര്‍ന്ന് റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ വെച്ച് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

20 വര്‍ഷത്തോളമായി റിയാദ് ഉലയ്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു വോണുഗോപാല്‍. സരസ്വതിയാണ് ഭാര്യ. മക്കള്‍: അനീഷ്, അശ്വതി. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രവാസികളടക്കം നിരവധി പേരാണ് വൈറസ് ബാധിച്ച് ഇതിനോടകം മരിച്ചത്.

Exit mobile version