കൊവിഡ് ലക്ഷണം: അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ നാല് പേരെ റൺവേയിൽ നിന്നും നേരെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ അബുദാബിയിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ നാല് പേരെ കൊവിഡ് സംശയത്തെ തുടർന്നും മറ്റ് അഞ്ചുപേരെ ആരോഗ്യകാരണങ്ങളെ തുടർന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ദുബായ്- കൊച്ചി വിമാനത്തിലെത്തിയയാളെയും കളമശ്ശേരി കൊവിഡ് കെയർ സെന്റിലേക്ക് മാറ്റി.

വന്ദേഭാരത് രണ്ടാം മിഷന്റെ ഭാഗമായി ആദ്യവിമാനം രണ്ടേകാലോടെയാണ് കരിപ്പൂരിലെത്തിയത്. അബുദാബിയിൽ നിന്നുള്ള 180 പ്രവാസികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പേരെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ മലപ്പുറം സ്വദേശികളും ഒരാൾ കോഴിക്കോട് സ്വദേശിയുമാണ്.

മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റ് വിമാനയാത്രക്കാർക്കൊപ്പം വിമാനത്താവളത്തിൽ പ്രവേശിപ്പിക്കാതെ റൺവേയിൽ നിന്നു തന്നെ 108 ആംബുലൻസിൽ ഇവരെ കൊണ്ടു പോവുകയായിരുന്നു. വൃക്കരോഗ ചികിത്സ തേടുന്ന മലപ്പുറം സ്വദേശിയെയും മറ്റ് രോഗങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെയും മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു.

Exit mobile version