സോഷ്യൽമീഡിയയിലൂടെ അപമാനിക്കുന്നു; ഇൻകാസ് ഭാരവാഹി ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവന്തപുരം: സോഷ്യൽമീഡിയയിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെകെ ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യത്തിലൂടെയാണ് ഉസ്മാൻ ശ്രദ്ധിക്കപ്പെട്ടത്. ഈ വീഡിയോ പുറത്തു വന്നതിന് ശേഷം ഉസ്മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്നു.

ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്മാൻ പതിറ്റാണ്ടുകളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തടുത്ത ദിവസങ്ങളിലായി വിവരമന്വേഷിക്കാനായി ഫോണിൽ വിളിച്ചിരുന്നുവെന്നും അതിന്റെ കോൾ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഉസ്മാൻ പറഞ്ഞു.

ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ ഉസ്മാൻ പ്രത്യേക വാഹനത്തിൽ നാട്ടിലെത്തിയിരുന്നു.

Exit mobile version