ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിന് അനുമതി ലഭിച്ചില്ല; മലയാളികളെ എത്തിക്കേണ്ട പ്രത്യേക വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ നിന്നും മടങ്ങി യാത്രക്കാർ

തിരുവനന്തപുരം: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കു ഞായറാഴ്ച പ്രവാസികളെ എത്തിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ഖത്തർ അനുമതി നൽകാത്തതിനെ തുടർന്നാണിത്. പ്രവാസികൾ വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് വിവരം അറിഞ്ഞത്. ഗർഭിണികൾ അടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടിലായി. വിമാന സർവീസ് ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് വിവരം.

ഖത്തർ ആഭ്യന്തര മന്ത്രാലയം വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല. വിമാന സർവീസ് അടുത്ത ചൊവ്വാഴ്ച നടത്താൻ കഴിയുമെന്നും കളക്ടർ പറഞ്ഞു.

എന്നാൽ സമയത്തിന്റെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. മോക്ക് ഡ്രിൽ അടക്കമുള്ളവ നടത്തി. വിമാനത്തിന് അനുമതി നിഷേധിക്കപ്പെട്ടതിന്റെ കാരണം ആരായാൻ എംബസിയുമായി ബന്ധപ്പെട്ടു വരികയാണെന്നും കളക്ടർ പറഞ്ഞു.

181 പേരാണ് പ്രത്യേക വിമാനത്തിൽ ഞായറാഴ്ച ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരാനിരുന്നത്. ഗർഭിണികളും രോഗികളും ജയിൽ ശിക്ഷ പൂർത്തിയാക്കി വരുന്നവരും അടക്കമുള്ളവരാണ് വിമാനത്തിൽ വരാനിരുന്നത്. ഇവരെല്ലാം വിമാത്താവളത്തിൽ എത്തിയിരുന്നു. വിമാനം റദ്ദാക്കിയ വിവരമറിഞ്ഞ് യാത്രക്കാർ വിമാനത്താവളത്തിൽനിന്ന് മടങ്ങിയിട്ടുണ്ട്. പ്രവാസികളെ വിദേശ രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു വിമാനം റദ്ദാക്കേണ്ടി വരുന്നത്.

Exit mobile version