ഒമാനിൽ രണ്ട് ഇന്ത്യക്കാരെ പാകിസ്താൻ സ്വദേശി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടവരിൽ തൃശ്ശൂർ സ്വദേശിയും

മസ്‌കത്ത്: ഒമാനിൽ പാകിസ്താൻ സ്വദേശി രണ്ട് ഇന്ത്യക്കാരെ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂർ സ്വദേശിയും തമിഴ്‌നാട് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഒമാൻ ബുറൈമിയിലാണ് സംഭവം. തൃശ്ശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് മരിച്ച മലയാളി. തലയ്ക്കു മാരകമായ മുറിവേറ്റാണ് മരണ കാരണം.

തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാജേഷ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ തമിഴ്‌നാട് സ്വദേശി ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സഹപ്രവർത്തകനും ഇവർക്കൊപ്പം താമസിക്കുകയും ചെയ്തിരുന്ന പാകിസ്താൻ സ്വദേശിയെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടേയും മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് റോയൽ ഒമാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അതിന് സാധിക്കാതെ വന്നാൽ ഹൈന്ദവാചാര പ്രകാരം മസ്‌കത്തിലെ സൊഹാറിൽ സംസ്‌കാര ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

അൽ റാമോസ് അൽ അറേബ്യ കമ്പനിയിലെ ഫയർ സേഫ്റ്റി ഫോർമാനായിരുന്നു രാജേഷ്. അമ്മ: ഗീത, ഭാര്യ: വിജിഷ, നാലുവയസുള്ള ധനു നിർവേദ്, പത്തുമാസം പ്രായമുള്ള വിശ്രാലി എന്നിവരാണ് മക്കൾ.

Exit mobile version