ആരാണ് ഈ ശ്രീനു ശ്രീധരൻ നായർ; എവിടെയാണ് അദ്ദേഹം; ഒന്നാം സമ്മാനമായ 28.87 കോടി രൂപയുമായി ബിഗ് ടിക്കറ്റ് കാത്തിരിക്കുന്നു

ദുബായ്: ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനവും മലയാളിക്ക്. ഇതോടെ പത്ത് സമ്മാനങ്ങളിൽ പത്തെണ്ണവും സ്വന്തമാക്കി ഇന്ത്യക്കാരും റെക്കോർഡിട്ടു. അതേസമയം, ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിർഹം(ഏകദേശം 28.87 കോടി രൂപ) നേടിയ വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മലയാളിയായ ശ്രീനു ശ്രീധരൻ നായർക്കാണ് നറുക്കെടുപ്പിൽ ബമ്പർ സമ്മാനം ലഭിച്ചത്. എന്നാൽ ഇദ്ദേഹത്തെ ടിക്കറ്റ് എടുക്കുമ്പോൾ നൽകിയിരുന്ന രണ്ട് ഫോൺ നമ്പറുകളിലും വിളിച്ചിട്ട് ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെ അധികൃതരും ആശങ്കയിലാണ്.

ഇന്ത്യയിലുള്ള വിജയിയെ നിരവധിതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു നമ്പറിൽ വിളിച്ചപ്പോൾ ശ്രീനു ശ്രീധരൻ നായർ എന്നയാളെ അറിയുക പോലുമില്ലെന്നായിരുന്നു മറുപടി. രണ്ടാമത്തെ നമ്പറിൽ വിളിച്ചപ്പോൾ ശ്രീനു ശ്രീധരൻ നായർ ഇവിടെയില്ലെന്നും പ്രതികരിച്ചു. എന്തായാലും വിജയിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ് ബിഗ് ടിക്കറ്റ് അധികൃതർ.

ഒന്നാം സമ്മാനം കാണാമറയത്തുള്ള ശ്രീനു ശ്രീധരൻ നായരെ തേടിപോയപ്പോൾ, രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹത്തിന് സാക്കിർ ഖാനാണ് അർഹനായത്. മൂന്നും നാലും അഞ്ചും സമ്മാനങ്ങൾ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുൽ റഷീദ് കോടാലിയിൽ, രാജീവ് രാജൻ എന്നിവർ നേടി. പത്ത് നറുക്കിൽ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങൾ നേടിയവരൊഴികെ ബാക്കി സമ്മാനാർഹരെല്ലാം ടിക്കറ്റെടുത്തത് ഓൺലൈനായാണ് എന്നതും പ്രത്യേകതയാണ്. കഴിഞ്ഞമാസത്തെ ബമ്പർ വിജയിയാകട്ടെ ജീവിതത്തിൽ ഒരിക്കൽ പോലും യുഎഇയിൽ ചെല്ലാത്ത ആളായിരുന്നു.

Exit mobile version