പ്രളയത്തിൽ കിടപ്പാടം പോലും നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകി മലപ്പുറത്തെ ഈ പ്രവാസി; അറിയണം ഇബ്രാഹിമിന്റെ നന്മ

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്ന സർക്കാർ പദ്ധതിയിലേയ്ക്കാണ് ഭൂമി നൽകുകയെന്ന് ഇബ്രാഹിം അറിയിച്ചു.

ഷാർജ: സംസ്ഥാനത്തെ തകർത്ത് അപ്രതീക്ഷിതമായി പ്രളയം ദുരന്തമായി വന്നുചേർന്നപ്പോൾ കൂട്ടായ പ്രവർത്തനങ്ങളാണ് ദുരന്തബാധിതർക്ക് കൈത്താങ്ങായത്. സംസ്ഥാനത്തിന്റെ നാനഭാഗത്തു നിന്നും ഇപ്പോഴും പ്രളയബാധിതർക്കായി സഹായം പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രളയത്തിലും മഴക്കെടുതികളിലും വീടുപോലും നഷ്ടപ്പെട്ട് ക്യാംപുകളിൽ അഭയം പ്രാപിച്ചവരുടെ കണ്ണീരൊപ്പാനായി ഷാർജ ദൈദിലെ മലയാളി വ്യാപാരി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരിലുള്ള രണ്ടേക്കർ ഭൂമി ദുരന്തബാധിതർക്ക് സൗജന്യമായി നൽകാനാണ് മലപ്പുറം കോട്ടക്കൽ ഈസ്റ്റ് വില്ലൂർ സ്വദേശി കേളംപടിക്കൽ ഇബ്രാഹിം തീരുമാനിച്ചിരിക്കുന്നത്. പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്ന സർക്കാർ പദ്ധതിയിലേയ്ക്കാണ് ഭൂമി നൽകുകയെന്ന് ഇബ്രാഹിം അറിയിച്ചു.

ദൈദിൽ വർഷങ്ങളായി വിവിധ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന ഇബ്രാഹിം, മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങാട് വില്ലേജിലെ കൈത്തിനിയിലെയും പോത്തുകല്ല് വില്ലേജിലെ മുണ്ടേരിയിലേയും ഓരോ ഏക്കർ ഭൂമി വീതമാണ് സർവതും നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകുക.

പത്തു വർഷം മുൻപ് ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ ഭൂമിയാണിത്. ഇവിടെ നാൽപ്പതോളം കുടുംബങ്ങൾക്ക് വീടുവെച്ച് താമസിക്കാൻ സാധിക്കും. ഇബ്രാഹിം അറിയിച്ചതനുസരിച്ച് പിവി അബ്ദുൽ വഹാബ് എംപിയും പിവിഅൻവർ എംഎൽഎയും സർക്കാർ പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

ഇക്കഴിഞ്ഞ ബലി പെരുന്നാളിന് നാട്ടിലെത്തിയ ഇബ്രാഹിം ഉരുൾപൊട്ടലും മണ്ണിടിച്ചിലും തകർത്തെറിഞ്ഞ നിലമ്പൂർ മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. സകലതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന ജനതയുടെ കണ്ണീരിനോട് മുഖം തിരിക്കുന്നത് ക്രൂരതയാകുമെന്ന് ഇബ്രാഹിമിന് അന്നു തന്നെ തോന്നിയിരുന്നു. ഇതോടെയാണ് അദ്ദേഹം മാതൃകയായ ഈ തീരുമാനമെടുത്തത്. വർഷങ്ങളായി വിയർപ്പൊഴുക്കി സമ്പാദിച്ച വസ്തു സൗജന്യമായി നൽകുന്നത് തന്നാൽ കഴിയുന്ന നന്മയാകുമെന്ന് ഇബ്രാഹിം തിരിച്ചറിയുകയും ഇക്കാര്യം അധികാരികളെ അറിയിക്കുകയുമായിരുന്നു. ബിനുവാണ് ഇബ്രാഹിമിന്റെ ഭാര്യ. മുഹവിസ, മുഹ്‌സിന, വാസിം, ഇർഷാ ഇബ്രാഹിം, നാജിയ എന്നിവരാണ് മക്കൾ.

Exit mobile version