യുഎഇയിൽ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വ്യാജന്മാർ സുലഭം; 32 കോടിയുടെ വ്യാജ ഉത്പന്നങ്ങളുമായി പ്രവാസികൾ ഷാർജാ പോലീസ് പിടിയിൽ

ഷാർജയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡിന്റെ പരാതിക്ക് പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തി പ്രവാസികളെ അറസ്റ്റ് ചെയ്തത്.

ഷാർജ: ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വ്യാജ പതിപ്പുകൾ കൈവശം വെയ്ക്കുകയും വിറ്റഴിക്കുകയും ചെയ്തതിന് 10 പ്രവാസികൾ ഷാർജയിൽ അറസ്റ്റിലായി. ഏഴ് മില്യൺ ദിർഹം (ഏകദേശം 32.9 കോടി ഇന്ത്യൻ രൂപ) വിലവരുന്ന വ്യാജ ഉത്പന്നങ്ങളാണ് ഇവരുടെ പക്കൽ നിന്നും ഷാർജ പോലീസ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെല്ലാം ഏഷ്യൻ പൗരന്മാരാണ്. ഷാർജയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡിന്റെ പരാതിക്ക് പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തി പ്രവാസികളെ അറസ്റ്റ് ചെയ്തത്.

തങ്ങളുടെ ബ്രാൻഡഡ് ഉത്പന്നങ്ങളെ അനുകരിക്കുന്ന വ്യാജ ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണെന്നും കച്ചവടക്കാർ ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതും പരസ്യം നൽകുന്നതും ശ്രദ്ധയിൽപ്പെട്ടെന്നും കാണിച്ചാണ് പ്രമുഖ കമ്പനി പരാതിയുമായി രംഗത്തെത്തിയത്.

പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് സംശയുള്ളവരുടെ വീടുകളിൽ റെയ്ഡിനെത്തുകയും, നിരവധി വ്യാജ ഉത്പന്നങ്ങൾ കണ്ടെടുക്കുകയും ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടരന്വേഷണത്തിൽ സമീപത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ ഉത്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിലെ റിപ്പോർട്ട് ലഭിച്ചാലുടൻ അൽ മദാം പോലീസിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സെൻട്രൽ റീജിയൻ പോലീസ് ഡിപാർട്ട്‌മെന്റ് ബ്രിഗേഡിയർ അഹ്മദ് ബിൻ ദാർവിഷ് അറിയിച്ചു.

റെയ്ഡ് നടത്തിയ പോലീസും ഷാർജ ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാർട്‌മെന്റും പിടിച്ചെടുത്ത വ്യാജ ഉത്പന്നങ്ങൾ 17 മില്യൺ ദിർഹം വിലവരുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

യുഎഇ സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് കേസിൽ ഉടൻ നടപടികൾ എടുത്തത്. തുടർന്നും ഇത്തരത്തിലെ വ്യാജ ഉത്പന്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിൽ വിവരമറിയിക്കണമെന്നും ദർവിഷ് അറിയിച്ചു.

Exit mobile version