ബ്രണ്ണന്‍ കോളേജിലെ സഹപാഠി കുഞ്ഞിമൂസയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായിയെത്തി

കോഴിക്കോട്: സഹപാഠിയുടെ വിയോഗ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും അന്ത്യോപചാരം അര്‍പ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരക്കുകള്‍ മാറ്റിവെച്ച് ഓടിയെത്തി. കഴിഞ്ഞ ദിവസം നിര്യാതനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെപി കുഞ്ഞിമൂസയുടെ ഗൃഹത്തിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. ബുധനാഴ്ചയായിരുന്നു സന്ദര്‍ശനം.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ അലങ്കരിച്ച കെ പി കുഞ്ഞിമൂസ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പിണറായി വിജയന്റെ സഹപാഠിയായിരുന്നു. ചന്ദ്രിക പത്രാധിപ സമിതി മുന്‍ അംഗവുമായിരുന്നു ഇദ്ദേഹം.

രാവിലെ 10.15 ഓടെ പന്നിയങ്കരയിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ഒപ്പം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്, സൂര്യ ഗഫൂര്‍ എന്നിവരും ഉണ്ടായിരുന്നു. കെയുഡബ്ല്യുജെ പ്രസിഡന്റ് കമാല്‍ വരദൂര്‍, കുഞ്ഞിമൂസയുടെ മരുമക്കളായ ഫിറോസ്, നൗഫല്‍, ഷഹ്‌സാദ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഭാര്യ ഫൗസിയേയും മക്കളേയും ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

Exit mobile version