ആര്‍ക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനു മാത്രമുണ്ടായി? വിനു വി ജോണിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തുലാമാസ പൂജകള്‍ക്കിടെ സന്നിധാനത്തുവെച്ച് ട്രാക്ടറില്‍ മടങ്ങിപ്പോവുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ താന്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി എന്ന് ന്യൂസ് അവര്‍ പരിപാടിക്കിടെ വിനു പറഞ്ഞെന്നും അങ്ങനെ ഒരു സംഭവമേ അവിടെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

ഗുരുതരമായ ഒരു ആരോപണമാണിത്. അതും ഉത്തരവാദപ്പെട്ട ഒരു ചാനലിലിരുന്ന് ഉത്തരവാദപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ചിരിക്കുന്നത്. ദയവായി ഈ കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടണം. മിനിമം പോലീസില്‍ ഒരു പരാതിയെങ്കിലും കൊടുക്കണമെന്നും സുരേന്ദ്രന്‍ പറയുന്നു.

അഞ്ചു പകലും നാലു രാത്രിയും ഞാന്‍ സന്നിധാനത്തുണ്ടായിരുന്നു. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. എല്ലാവരോടും തികഞ്ഞ സൗഹാര്‍ദ്ദത്തോടെയേ പെരുമാറിയിട്ടുള്ളൂ. ആര്‍ക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനുമാത്രമുണ്ടായി? ആരാണ് ഈ ഗൂഡാലോചനക്കുപിന്നില്‍? സത്യം പുറത്തുവരണമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്നുംസുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോൺ എനിക്കേറെ ബഹുമാനമുള്ള മാധ്യമപ്രവർത്തകനാണ്. ശക്തമായ വിയോജിപ്പുള്ള വിഷയങ്ങൾ ചർച്ചക്കെടുക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം നിലനിർത്തിക്കൊണ്ടുമാത്രമേ പരസ്പരം ഇടപഴകിയിട്ടുള്ളൂ ഇതുവരെ. ഇന്നലെ ന്യൂസ് അവറിൽ അദ്ദേഹം എനിക്കെതിരെ നടത്തിയ ഒരു പരാമർശത്തെക്കുറിച്ച് പറയാതെ പോകുന്നത് ഉചിതമല്ല എന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. തുലാമാസ പൂജകൾക്കിടെ സന്നിധാനത്തുവെച്ച് ട്രാക്ടറിൽ മടങ്ങിപ്പോവുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെ ഞാൻ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി എന്നാണ് അദ്ദേഹം ആധികാരികമായ രീതിയിൽ അവതരിപ്പിച്ചത്. മാത്രമല്ല ആയുസ്സിന്റെ ബലം കൊണ്ടാണ് ആ റിപ്പോർട്ടർ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നത് കേട്ടു. നടപ്പന്തലിൽ വെച്ച് മടങ്ങിപ്പോകുന്ന മാധ്യമപ്രവർത്തകരെ ഞാൻ കണ്ടു എന്നുള്ളത് സത്യമാണ്. വർഷങ്ങളായി അടുത്തു പരിചയമുള്ളയാളാണ് ഷിജു. നിങ്ങളെല്ലാവരും ഇങ്ങനെ തിരിച്ചുപോകുന്നതെന്തുകൊണ്ടാണെന്ന് വളരെ സൗഹാർദ്ദപരമായി ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഞാൻ പിന്നെ നിങ്ങളെ വിളിച്ച് കാര്യം പറയാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഹസ്തദാനം നൽകിയാണ് ഞങ്ങൾ പിരിഞ്ഞതും. ഉടനെത്തന്നെ ഞാൻ വിനു വി ജോണിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് നിങ്ങളുടെ ആളുകളുടെ ഭീഷണി കാരണമാണ് മാധ്യമപ്രവർത്തകർ തിരിച്ചുപോകുന്നത് എന്നാണ്. പോലീസ് ഉദ്യോഗസ്ഥരും ഞങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കഴിയില്ല എന്നു പറഞ്ഞതായും പറഞ്ഞു. നടപ്പന്തലിൽ മുഴുവൻ ക്യാമറ ഉണ്ട്. ഈ പറഞ്ഞ തടഞ്ഞുവെക്കലോ ഭീഷണിപ്പെടുത്തലോ അവിടെ ഉണ്ടായിട്ടുണ്ടെങ്കിൽ പോലീസ് ഇതിനോടകം തന്നെ അതു പരിശോധിച്ചിട്ടുണ്ടാവുമല്ലോ. ഏതുവിധേനെയും എന്നെ അകത്താക്കാൻ നടക്കുന്നവർക്ക് അത് നല്ലൊരു ആയുധവുമല്ലേ. പിറ്റേന്ന്‌ ഷിജുവിനെ വിളിച്ചപ്പോൾ ഈ ഭീഷണിക്കഥയൊന്നും അദ്ദേഹവും പറഞ്ഞിട്ടില്ല. ഗുരുതരമായ ഒരു ആരോപണമാണിത്. അതും ഉത്തരവാദപ്പെട്ട ഒരു ചാനലിലിരുന്ന് ഉത്തരവാദപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ചിരിക്കുന്നത്. ദയവായി ഈ കാര്യത്തിൽ അന്വേഷണം ആവശ്യപ്പെടണം. മിനിമം പൊലീസിൽ ഒരു പരാതിയെങ്കിലും കൊടുക്കണം. എന്നോടൊപ്പം വി. വി. രാജേഷ് ഉൾപ്പെടെ മുതിർന്ന പല നേതാക്കളുമുണ്ടായിരുന്നു. ഷിജുവിനോടൊപ്പം വേറെയും മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. സന്നിധാനം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു. ദൃക്സാക്ഷിയായ അദ്ദേഹത്തോട് ഞാൻ അപ്പോൾത്തന്നെ ചോദിക്കുകയും ചെയ്തിരുന്നു എന്തിനാണ് നിങ്ങൾ പൊലീസുകാർ പാവപ്പെട്ട മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി അയക്കുന്നതെന്ന്. അഞ്ചു പകലും നാലു രാത്രിയും ഞാന്‍ സന്നിധാനത്തുണ്ടായിരുന്നു. നൂറുകണക്കിന്‌ മാധ്യമപ്രവർത്തകരും അവിടെയുണ്ടായിരുന്നു. എല്ലാവരോടും തികഞ്ഞ സൗഹാർദ്ദത്തോടെയേ പെരുമാറിയിട്ടുള്ളൂ. ആർക്കുമില്ലാത്ത പരാതി എങ്ങനെ ഏഷ്യാനെറ്റിനുമാത്രമുണ്ടായി? ആരാണ് ഈ ഗൂഡാലോചനക്കുപിന്നിൽ? സത്യം പുറത്തുവരേണ്ടതല്ലേ ? ഏതന്വേഷണത്തേയും ഞാൻ സ്വാഗതം ചെയ്യുന്നു. പൂർണ്ണമായും സഹകരിക്കാൻ തയ്യാർ. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നേരെ വാ നേരെ പോ എന്നതാണ് എന്റെ രീതി. ആരോപണം ഉന്നയിച്ചവർ അതിനെ സാധൂകരിക്കാൻ കഴിയുന്ന നിലയിൽ അന്വേഷണം ആവശ്യപ്പെടണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. എന്റെ ശത്രുക്കളാരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഈ ആരോപണവുമായി വരുന്നതെങ്കിൽ എനിക്ക് അക്കാര്യത്തിൽ അവരോട് സഹതാപം മാത്രമേയുള്ളൂ.

Exit mobile version