ചുവരിലും പോസ്റ്ററിലും നിറഞ്ഞത് ടിഎൻ പ്രതാപൻ;നറുക്കുവീണത് കെ മുരളീധരന്; ട്രോളുകൾക്ക് പിന്നാലെ തൃശൂരിൽ ചുവരെഴുത്തിന് ആദ്യമിറങ്ങി പ്രതാപൻ

തൃശ്ശൂർ: തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ സീറ്റുറപ്പിച്ചതോടെ വെട്ടിലായത് പോസ്റ്ററുകൾ ഇറക്കിയും ചുവരെഴുത്ത് നടത്തിയും ആവേശപ്രചാരണത്തിന് തുടക്കമിട്ട അണികൾ. ടിഎൻ പ്രതാപന്റെ സിറ്റിംഗ് സീറ്റായതിനാൽ തന്നെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് 150 ഓളം സ്ഥലങ്ങളിൽ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ നടത്തുകയും ആയിരക്കണക്കിന് പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു.

എന്നാൽ പാർട്ടിയുടെ തീരുമാനപ്രകാരം കെ മുരളീധരനാണ് തൃശൂരിൽ നറുക്കുവീണത്. ഇതോടെ സോഷ്യൽമീഡിയയിൽ ട്രോളുകളും നിറഞ്ഞിരുന്നു. നിലവിൽ പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശ്ശൂർ ഡിസിസി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മുരളീധരന് വേണ്ടി ചുവരെഴുത്തിന് ഇറങ്ങിയിരിക്കുകയാണ് പ്രതാപൻ.

ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപൻ വ്യക്തമാക്കുകയും ചെയ്തു. നേരത്തെ പ്രതാപൻ തൃശ്ശൂരിൽ പ്രചാരണത്തിൽ വരെ സജീവമായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നാടകീയ തീരുമാനം ഉടലെടുത്തത്.

also read- ബിജെപി വിജയിക്കും: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് വിഷയമല്ല; സുരേഷ് ഗോപി

വടകരയിൽ മുരളീധരന് പകരമായി ഷാഫി പറമ്പിൽ എംഎൽഎ മത്സരിക്കുമെന്നാണ് സൂചനകൾ. അറിയുന്നത്. ടിഎൻ പ്രതാപനെ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതായാണ് വിവരം. സ്ഥാനാർത്ഥി നിർണയത്തിന് മുൻപായി കോൺഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയിരുന്നതായി പ്രതാപൻ പറഞ്ഞു.

Exit mobile version