സിപിഎമ്മിനെ അടിക്കാന്‍ ബിജെപി വയല്‍ക്കിളികളെ ചട്ടുകമാക്കി; ബൈപ്പാസിനെതിരെ സമരം തുടരുമെന്നും സുരേഷ് കീഴാറ്റൂര്‍

കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ വിധിയെഴുതിയതോടെ വഴിയാധാരമായത് വയല്‍ക്കിളികളാണ്.

കണ്ണൂര്‍: കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ വിധിയെഴുതിയതോടെ വഴിയാധാരമായത് വയല്‍ക്കിളികളാണ്. സിപിഎമ്മിനെ അടിക്കാനുള്ള ചട്ടുകമാക്കി ബിജെപി വയല്‍ക്കിളികളെ മാറ്റിയെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

ബിജെപിയും സിപിഎമ്മും തങ്ങളെ ഒരുപോലെ വഞ്ചിക്കുകയായിരുന്നു. കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാതയുടെ ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയപാതയുടെ ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രവിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിസ്ഥിതിയെ മറന്നുകൊണ്ട് വികസനം നടപ്പാക്കുന്നതില്‍ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. സിപിഎമ്മിന്റെ സഖാവാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെന്നാണ് ഈ വിജ്ഞാപനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.- സുരേഷ് ആരോപിച്ചു.

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആളിപ്പടര്‍ന്നതല്ല. കേരളത്തിനകത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും കുന്നുകളുടെയും പ്രധാന്യം വിളിച്ചറിയിക്കുന്നതാണ് കീഴാറ്റൂര്‍ സമരമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു എന്നതുകൊണ്ട് വയല്‍ക്കിളിസമരത്തിന് ചരമക്കുറിപ്പ് എഴുതാന്‍ ആരും ശ്രമിക്കേണ്ടതില്ല. മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരം ഒരു നോട്ടിഫിക്കേഷന്‍ വന്നതുകൊണ്ട് അവസാനിപ്പിക്കില്ല. സമരം തുടരുക തന്നെ ചെയ്യും. കേരളജനത അത് ഏറ്റെടുക്കുമെന്നു തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version