ഭീതി ഒഴിയുന്നില്ല; ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു, 2,76,000ത്തോട് അടുത്ത് മരണം

വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. മരണം 2,76,000ത്തോട് അടുക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനതോതും മരണവും ദിനംപ്രതി വര്‍ധിക്കുകയാണ്.

അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 1575 പേര്‍ മരിച്ചു. ഇരുപത്തി അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 78,000 കടന്നു. കൊറോണ പ്രതിസന്ധിയിലായതോടെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ 14.7 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഇത്രയും വര്‍ധനവ് രേഖപ്പെടുത്തുന്നത്. ജര്‍മ്മനിയെയും ഫ്രാന്‍സിനെയും മറികടന്ന് റഷ്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. പതിനായിരത്തി അറുനൂറിലധികം പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതര്‍ 1,87,000 കടന്നു.

ഇതോടെ രോഗവ്യാപന തോതില്‍ റഷ്യ രണ്ടാം സ്ഥാനത്തെത്തി. ബ്രിട്ടണിലും ബ്രസീലിലും കൊറോണ മരണം ദിനംപ്രതി വര്‍ധിക്കുകയാണ്. ബ്രസിലില്‍ 449 പേരും ബ്രിട്ടണില്‍ 626 പേരും ഇന്നലെ മരിച്ചു. ഇറ്റലിയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും മരണനിരക്ക് കൂടുകയാണ്.

സൗത്ത് ആഫ്രിക്ക, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും കൊറോണ ഭീതിയിലാണ്. രണ്ടായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടയില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version