റാഗിങ്; മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

ക്ലാസ് വിട്ട് പോകുന്ന സമയത്ത് അധ്യാപകരെ അറിയിച്ചത് ചോദ്യം ചെയ്ത് ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനം. വാണിയമ്പലം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ശാഹുലാണ് മര്‍ദ്ദനത്തിന് ഇരയായത്.

സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തന്നെ റാഗിങിനിരയാക്കിയെന്ന് അധ്യാപകരോട് പരാതി നല്‍കി. ഇതേതുടര്‍ന്ന് ക്ലാസ് വിട്ട് പോകുന്ന സമയത്ത് അധ്യാപകരെ അറിയിച്ചത് ചോദ്യം ചെയ്ത് ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ വണ്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ചവിട്ടുകയും കൈ ഓടിക്കുകയും ചെയ്തു. മര്‍ദ്ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചതായും പരാതിയിലുണ്ട്.

പരിക്കേറ്റ വിദ്യാര്‍ത്ഥി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.

അധ്യയന വര്‍ഷം ആരംഭിച്ച ശേഷം ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്. ഇന്നലെ മലപ്പുറം പാണക്കാടും സമാനമായ രീതിയില്‍ റാഗിങ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version