രണ്ടില രണ്ടായി;കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു; ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു

സംസ്ഥാന സമിതി തീരുമാനത്തില്‍ കെഎം മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.

കോട്ടയം: കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്റര്‍ ഹാളില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ(എം) പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ യോഗത്തില്‍ തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനെയായിരുന്നു ജോസ് കെ മാണിയുടെ സ്ഥാനാരോഹണം. 437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്ന് ജോസ് പക്ഷം അറിയിച്ചു.സംസ്ഥാന സമിതി തീരുമാനത്തില്‍ കെഎം മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാര്‍ പിജെ ജോസഫിനൊപ്പമാണ്. രണ്ടു പേര്‍ ജോസ് പക്ഷത്തും.

പാര്‍ട്ടി ഘടകങ്ങളില്‍ മുന്‍തൂക്കം ജോസ് വിഭാഗത്തിനാണ്. സംസ്ഥാന കമ്മിറ്റി (450), സ്റ്റിയറിങ് കമ്മിറ്റി (111), ഉന്നതാധികാര സമിതി (29), പാര്‍ലമെന്ററി പാര്‍ട്ടി (എംഎല്‍എ, എംപി) എന്നിവയില്‍ ഭൂരിപക്ഷമുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തില്‍ കുറഞ്ഞതൊന്നും താന്‍ അര്‍ഹിക്കുന്നില്ല എന്ന പക്ഷമായിരുന്നു ജോസ് കെ മാണിയുടേത്.

അതേസമയം, ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധത്തിനു സാധ്യതയുള്ളതിനാല്‍ സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തി വിട്ടത്. ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജോസ് കെ മാണിയെ ആനയിച്ചു കൊണ്ടുപോകാനുള്ള വാഹനം ഉള്‍പ്പെടെയുള്ളവ പുറത്ത് തയ്യാറായിരുന്നു. അടച്ചിട്ട ഹാളിലായിരുന്നു വൈകിട്ട് മൂന്നോടെ യോഗം നടന്നത്. അധികം വൈകാതെ തന്നെ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത തീരുമാനം വന്നു. അവസാന നിമിഷം ജോസ് പക്ഷത്തോട് ചായ്‌വ് കാണിച്ചെങ്കിലും മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല. പിജെ ജോസഫ് തൊടുപുഴയില്‍ തുടരുകയാണ്. വൈകിട്ടു തിരുവനന്തപുരത്തേക്കു പോകും.

Exit mobile version